ബംഗളുരു: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ചു നീങ്ങുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം ഇന്ന് ബംഗളുരുവില്‍ ചേരും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന യോഗത്തിന് ഇന്ന് വൈകീട്ട് 6 മണിക്ക് തുടക്കമാകും. രാത്രിവരെ നീളുന്ന യോഗം നാളെയും തുടരും.
പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യയോഗം നടന്നത് ബീഹാര്‍ തലസ്ഥാനമായ പാട്നയിലാണ്. ആ യോഗത്തില്‍ പങ്കെടുക്കാതിരുന്ന എട്ടോളം പുതിയ പാര്‍ട്ടികളെ രണ്ടാം യോഗത്തില്‍ പങ്കെടുപ്പിക്കാനാകുന്നു എന്നത് പ്രതിപക്ഷ പാര്‍ട്ടി കൂട്ടായ്മയുടെ വിജയമായാണ് കണക്കാക്കുന്നത്. ഇടതുപക്ഷ പാര്‍ട്ടികളായ റെവലൂഷണറി സോഷ്യലിസ്റ്റ് (ആര് എസ് പി) പാര്‍ട്ടി, ആള് ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, കേരളത്തില്‍ നിന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് (എം), കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം എന്നിവര്‍ പങ്കെടുക്കും. തമിഴ്നാട്ടില്‍ നിന്ന് നേരത്തെ ബിജെപി സഖ്യത്തിലുണ്ടായിരുന്ന മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം ഡി എം കെ), കൊങ്കുദേശ മക്കള്‍ കക്ഷി (കെ ഡി എം കെ), വിടുതലൈ ചിരുതൈകള്‍ കക്ഷി (വി സി കെ) തുടങ്ങിയവര്‍ പങ്കെടുക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും ആതിഥേയത്തില്‍ നടന്ന കഴിഞ്ഞ പാട്ന യോഗത്തില്‍ കോണ്‍ഗ്രസ്, ആര് ജെ ഡി, എസ് പി, തൃണമുല്‍ കോണ്‍ഗ്രസ്, സി പി എം, സി പി ഐ തുടങ്ങി രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പങ്കെടുത്തിരുന്നു. ഇത്തവണ കേന്ദ്രം കൊണ്ടുവന്ന ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ പാര്‍ട്ടി പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.