ഡല്‍ഹി: വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ അധിക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. മിസ്റ്റര്‍ മോദീ നിങ്ങള്‍ക്ക് ഞങ്ങളെ എന്തുവേണമെങ്കിലും വിളിക്കാം. ഞങ്ങളാണ് ഇന്ത്യ. മണിപ്പൂരിലെ മുറിവുണക്കാനും എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊപ്പാനും ഞങ്ങള്‍ക്ക് കഴിയും. സ്നേഹവും സമാധാനവും തിരികെ കൊണ്ടുവരും. മണിപ്പൂരില്‍ ഇന്ത്യയെന്ന ആശയം ഞങ്ങള്‍ പുനര്‍നിര്‍മ്മിക്കും'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നരേന്ദ്രമോദി ഇന്ത്യ(ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസിവ് അലയന്‍സ്)യെ കടന്നാക്രമിച്ചത്. ഇന്ത്യ എന്ന വാക്ക് ഉപയോഗിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നും ഇന്ത്യന്‍ മുജാഹിദീനിലും ഈസ്റ്റ് ഇന്ത്യാ കമ്പനിയിലുമെല്ലാം ഇന്ത്യ എന്ന പേരുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഇത്രയും ദിശാബോധമില്ലാത്ത ഒരു പ്രതിപക്ഷത്തെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇന്ത്യ എന്ന പേരുപറഞ്ഞ് അവര്‍ ആത്മപ്രശംസ നടത്തല്‍ തുടരുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യാ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ.. ഇതിലെല്ലാം ഇന്ത്യയുണ്ട്. ഇന്ത്യ എന്ന പേരുപയോഗിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ബ്രിട്ടീഷുകാര്‍ ഇവിടെവന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിയെന്ന് പേരിട്ടതുപോലെ തന്നെയാണ് പ്രതിപക്ഷവും സ്വയം ഇന്ത്യ എന്ന പേരുമായി വന്നത്. മോദിയെ എതിര്‍ക്കുക എന്ന ഒറ്റ അജണ്ടയുമായി നടക്കുന്ന, നിസ്സഹായരും പരാജിതരും പരിക്ഷീണരുമായ ആളുകളുടെ സംഘമാണ് പ്രതിപക്ഷം. പ്രതിപക്ഷമായി തന്നെ തുടരാനാണ് സഖ്യം രൂപീകരിച്ചിരിക്കുന്നത് എന്ന് അവരുടെ പെരുമാറ്റത്തിലൂടെ തന്നെ മനസിലാവുന്നുണ്ട്'- എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.