ഡല്‍ഹി: ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്)യെ അധിക്ഷേപിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഇന്ത്യയിലെ ഓരോ വാക്കിനും അര്‍ത്ഥമുണ്ടെന്നും ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മാതൃരാജ്യത്തെയും അതിന്റെ ഐക്യത്തെയും സാഹോദര്യത്തെയും കുറിച്ചോര്‍ത്ത് ഇന്ത്യക്കാര്‍ അഭിമാനിക്കുമെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഇന്ത്യയിലെ ഓരോ വാക്കിനും അര്‍ത്ഥമുണ്ട്. മോദിയും ബിജെപിയും അസ്വസ്ഥരാണ്. അതുകൊണ്ടാണ് അവര്‍ ഞങ്ങളെ തീവ്രവാദ സംഘടനകളായ ഇന്ത്യന്‍ മുജാഹിദീനുമായും അടിമത്വത്തിന്റെ ചിഹ്നമായ ഈസ്റ്റ് ഇന്ത്യാ കമ്പനിയോടുമെല്ലാം ഉപമിക്കുന്നത്. ഇന്ത്യയെക്കുറിച്ച് അത്തരത്തില്‍ സംസാരിക്കുന്നത് തന്നെ സങ്കല്‍പ്പിക്കാനാവില്ല. ഇന്ത്യയെന്ന പേരുകേള്‍ക്കുമ്പോള്‍ നമ്മുടെ മാതൃരാജ്യത്തെയും അതിന്റെ ഐക്യത്തെയും സാഹോദര്യത്തെയും കുറിച്ച് ഇന്ത്യക്കാര്‍ അഭിമാനിക്കും. ഞങ്ങളെ അധിക്ഷേപിക്കുന്നതിലൂടെ മോദി രാജ്യത്തെയാണ് അപമാനിക്കുന്നത്.'-മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ത്യാ സഖ്യത്തിലെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസാണെന്നും 150 വര്‍ഷത്തെ ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട് നില്ക്കുന്ന കോണ്‍ഗ്രസിന്, കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും അരുണാചല്‍ പ്രദേശ് മുതല്‍ ഗുജറാത്ത് വരെയും പ്രവര്‍ത്തകരുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷത്തെ ഓരോ പാര്‍ട്ടിക്കും ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പോരാടാനും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും സാധിക്കുമെന്നും ഏഴ് മുഖ്യമന്ത്രിമാര്‍ സഖ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.