നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

ഫാസിസ്റ്റുകള്‍ എപ്പോഴും ചരിത്രത്തെയും മിത്തുകളെയും മാനിപ്പുലേറ്റ് ചെയ്ത് ജനങ്ങളില്‍ അമിതമായ സ്വാഭിമാനബോധം വളര്‍ത്തിയെടുക്കുന്നതില്‍ വിദഗ്ധരാണ്. ദേശത്തിന്റെ ചരിത്രത്തിനും പാരമ്പര്യത്തിനും അവകാശികള്‍ തങ്ങള്‍ മാത്രമാണെന്നും തങ്ങളുടെ വംശീയ പ്രത്യയശാസ്ത്രത്തെ സാധൂകരിക്കുന്നവയാണ് ചരിത്രമെന്നും സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് അവരുടെ പ്രവര്‍ത്തനപദ്ധതി. അതിനുവേണ്ടി എളുപ്പത്തില്‍ മാനിപ്പുലേറ്റ് ചെയ്യാവുന്ന മിത്തുകളെ ചരിത്രമാണെന്ന വ്യാജേന സമൂഹത്തെ വിശ്വസിപ്പിക്കുന്നതിനായി വലിയ പ്രചാരണ കോലാഹലങ്ങള്‍ അവര്‍ അഴിച്ചുവിടാറുണ്ട്. അത്തരമൊരു ശ്രമമായി വേണം ഇപ്പോള്‍ ഓണവുമായി ബന്ധപ്പെട്ട് മഹാബലിയെ താഴ്ത്തിക്കെട്ടി വാമനനെ ഉയര്‍ത്തിക്കാണിക്കാനുള്ള സംഘപരിവാറിന്റെ നീക്കങ്ങളെ കണക്കാക്കാന്‍.

ഓര്‍മകളെ ഭാവനകൊണ്ട് പൊലിപ്പിച്ചെടുക്കുന്നവയാണ് മിത്തുകള്‍. ബോധപൂര്‍വമല്ലെങ്കിലും ഒരു പരിധിവരെ സര്‍ഗാത്മകമാണ് അവയുടെ നിര്‍മിതിയും പരിപാലനവും. സ്വപ്നങ്ങളുടെ ഛായയാണവയ്ക്ക്. സ്വപ്നസമാനമായ കാല്‍പ്പനിക സൌന്ദര്യവും വശ്യതയുമാണ് മിത്തുകളെ പാരമ്പര്യത്തിന്റെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്നത്. ചരിത്രാതീതകാലം മുതല്‍ മനുഷ്യന്റെ കഥ പറയാനും കേള്‍ക്കാനുമുള്ള താല്‍പ്പര്യമാണ് അതിന്റെ അടിസ്ഥാനം. മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പലപ്പോഴും രേഖപ്പെടുത്തപ്പെട്ട ചരിത്രത്തേക്കാള്‍ പ്രാധാന്യവും ജനസമ്മിതിയും മിത്തുകള്‍ക്ക് കിട്ടുന്നതിനുള്ള കാരണവുമിതാണ്. എന്നാല്‍, അധികാരത്തിന്റെയും പൊതുബോധത്തിന്റെയും പരിലാളനകളും താല്‍പ്പര്യങ്ങളും മിത്തുകളുടെ നിര്‍മിതിക്ക് പിന്നിലുണ്ടെന്ന സത്യംകൂടി തിരിച്ചറിയേണ്ടതുണ്ട്. ചരിത്ര യാഥാര്‍ഥ്യങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന മിത്തുകള്‍ പലപ്പോഴും ചരിത്രം എന്ന നിലയില്‍ത്തന്നെ സ്വീകരിക്കപ്പെടുന്നതിലെ അപകടത്തെ ഈ പരിപ്രേക്ഷ്യത്തിലാണ് നമ്മള്‍ സമീപിക്കേണ്ടത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമെന്ന നിലയിലും കേരളീയ സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ആഘോഷമെന്ന നിലയിലും ഓണം എന്ന മിത്തിനെ സംബന്ധിച്ച് ഇക്കാര്യങ്ങള്‍ ഏറെ പ്രസക്തമാണ്. 

മഹാബലി എന്ന അസുര രാജാവിന്റെ സുവര്‍ണ ഭരണകാലത്തെക്കുറിച്ചുള്ള ഓര്‍മകളാണല്ലോ ഓണം എന്ന മിത്തിന്റെ അടിസ്ഥാനം. കള്ളവും ചതിയുമില്ലാത്ത സമത്വ സുന്ദരമായ ആ ഭരണകാലത്തെ മാര്‍ക്സിയന്‍ രീതിയില്‍ സമീപിച്ചാല്‍ എളുപ്പത്തില്‍ പ്രിമിറ്റീവ് കമ്യൂണിസവുമായി ചേര്‍ത്ത് വായിക്കാം. ആര്‍ത്തിയും സ്വാര്‍ഥതയുമില്ലാത്ത വലിയവനും ചെറിയവനുമില്ലാത്ത സമ്പല്‍സമൃദ്ധമായ ആ കാലം എല്ലാ അര്‍ഥത്തിലും ഒരു സോഷ്യലിസ്റ്റ് സാമൂഹിക– സാമ്പത്തിക വ്യവസ്ഥിതിതന്നെയാണ്. കച്ചവടത്തിന്റെയോ മൂല ധനത്തിന്റെയോ താല്‍പ്പര്യങ്ങള്‍ ആ വ്യവസ്ഥതിയെ ബാധിച്ചിരുന്നില്ല. വര്‍ണവ്യത്യാസങ്ങളോ വര്‍ഗവ്യത്യാസങ്ങളോ ആ സമൂഹത്തില്‍ നിലനിന്നിരുന്നില്ല. എല്ലാ മനുഷ്യരെയും ഒന്നായി കാണാന്‍ കഴിയുന്ന വിശാലമായ കാഴ്ചപ്പാടാണ് ആ സമൂഹത്തെ നിലനിര്‍ത്തിയിരുന്നത്. അവിടേക്കാണ് വാമനന്റെ രൂപത്തില്‍ അധിനിവേശത്തിന്റെ ഒളിപ്പിച്ചുവച്ച കാലടികളുമായി സവര്‍ണബ്രാഹ്മണ പ്രത്യയശാസ്ത്രം കടന്നുവരുന്നത്. ആ പ്രത്യയ ശാസ്ത്രമാണ് ചതിയുടെയും വഞ്ചനയുടെയും വിത്തുകള്‍ വിതച്ച് ആര്‍ത്തിയും ലാഭവുമെങ്ങനെ കൊയ്യാമെന്ന് പഠിപ്പിക്കുന്നത്. നരവംശശാസ്ത്രപരമായി സമൂഹത്തിന്റെ ഈ മാറ്റത്തിന് വലിയ പ്രാധാന്യമുണ്ട്. ബ്രാഹ്മണിക്കല്‍ സവര്‍ണതാല്‍പ്പര്യങ്ങളും മുതലാളിത്തത്തിന്റെ കച്ചവടതാല്‍പ്പര്യങ്ങളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന സത്യം ഇവിടെ വ്യക്തമാവുകയാണ്.

മിത്തുതന്നെ ചില തലങ്ങളില്‍ കീഴാളവിരുദ്ധവും ബ്രാഹ്മിണിക്കലുമായിരിക്കെ അതിനെ കൂടുതല്‍ മാനിപ്പുലേറ്റ് ചെയ്ത് ഹിന്ദുക്കളുടേത് മാത്രമാക്കാനുള്ള ഇപ്പോഴത്തെ ശ്രമത്തെ ഗൌരവമായി എടുക്കാതിരുന്നാല്‍ മറ്റ് പല കാര്യങ്ങളിലും സംഭവിച്ചപോലെ ഓണത്തെയും സംഘപരിവാറിന് വിട്ടുകൊടുക്കലായിരിക്കുംഫലം. അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ നമ്മുടെ ചരിത്രവും പാരമ്പര്യവും മിത്തുകളുടെ അക്ഷയഖനിയും.

ടി ഡി രാമകൃഷ്ണന്‍ 2016-ല്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Contact the author

Web Desk

Recent Posts

Dr. Azad 3 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 1 month ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 1 month ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 1 month ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More
Dr. Azad 1 month ago
Views

രാജിവെക്കേണ്ടത് ആരാണ്? ഷംസീറോ നരേന്ദ്രമോദിയോ?- ആസാദ് മലയാറ്റില്‍

More
More