ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

ഉമ്മയിൽ നിന്ന് കഥകൾ കേൾക്കാൻ പ്രയാസമാണ്. അത്യപൂർവമായി വർഷകാല സായാഹ്നങ്ങളിൽ കട്ടൻ ചായയും അടിച്ച് ഇരിക്കുമ്പോഴൊക്കെയാവും മൂപ്പർക്കൊരു മൂടൊക്കെ ഉണ്ടാവുക. അങ്ങനെ ഞാൻ ആസ്വദിച്ച അനുഭവ കഥകളിൽ എറ്റവും മനോഹരമായി തോന്നിയിട്ടുള്ളത് അവരുടെ ആഘോഷങ്ങളെ പറ്റിയുള്ളതാണ്. ഓണവും, പെരുന്നാളും, നേർച്ചയും, ഉത്സവവും, അയ്യപ്പൻ വിളക്കും തുടങ്ങി മത പ്രഭാഷണം വരെ അതിൽ പെടും. ഈ ആഘോഷങ്ങളൊക്കെ തത്വത്തിൽ വ്യത്യസ്ഥ മതങ്ങളുമായി ബന്ധപ്പെട്ടവയെങ്കിലും അതിൽ പങ്കെടുക്കുന്നവരിലൊന്നും ആ വ്യത്യസ്ഥത ഉണ്ടായിരുന്നില്ല. 

ചെറിയ ക്ലാസ്സുകളിലെ പുസ്തകങ്ങളിൽ തുമ്പപ്പൂവിൻ്റെ നൈർമല്ല്യം നിറഞ്ഞ് നിൽക്കുന്ന ഓണകഥകൾ ഒത്തിരി വായിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉമ്മയുടെ കഥകളിലെ ഓണക്കാലമാണ്. പുലർക്കാലത്ത് എണീറ്റ്, അയൽപക്കത്തെ കൂട്ടുകാരുമൊത്ത് കുഞ്ഞി അമ്മ നെയ്തു കൊടുത്ത പൂകൊട്ടയുമായി പച്ചവിരിച്ച നെല്പാടത്തിന് നടുവിലെ തുരുത്തിലേക്ക് പൂ പറിക്കാൻ പോവുന്ന ആ കാഴ്ച എൻ്റെ മനസ്സിലിങ്ങനെ തെളിഞ്ഞ് വരും. തുരുത്തിലെ അനേകായിരം പറവകൾകൊപ്പം കലപില ശബ്ദങ്ങളുണ്ടാകി തുമ്പയും, മുക്കുറ്റിയും, തെച്ചിയും, നുള്ളിയെടുത്ത് കുട്ടകൾ നിറയ്ക്കുന്ന ആ കുട്ടികൂട്ടത്തിൽ എന്നെയും ഞാൻ സങ്കൽപ്പിക്കാറുണ്ട്. 

അത് പോലെ മനോഹരമായ ഉമ്മയുടെ മറ്റൊരു അനുഭവമാണ് വൃശ്ചിക മാസത്തിലെ അയ്യപ്പൻ വിളക്കിനു ജാതി മത ഭേദമന്യേ കാവിൽ പോയി അയ്യപ്പൻ വാവർ കളി കണ്ടിരുന്നത്. രാത്രിയിലെ ഇഷാനമസ്കാരം കഴിഞ്ഞായിരുന്നത്രെ അവർ കാവിലേക്ക് പോയിരുന്നത്. കലാകാരന്മാർ അയ്യപ്പൻ്റെയും വാവരുടേയും വേഷം കെട്ടി അവരുടെ മനോഹരമായ സൗഹൃദ കഥ അവതരിപ്പിക്കും. നിഷ്കളങ്കരായ മനുഷ്യർ അയ്യപ്പൻ്റെയും, വാവരുടേയും  അനുഗ്രഹം വാങ്ങി സന്തോഷത്തോടെ അവിടെ നിന്ന് മടങ്ങും. ഞാനിതോർക്കുമ്പോൾ "ഉത്സവകാലത്ത് മറ്റു മതസ്ഥർക്ക് പ്രവേശനമില്ല" എന്ന ബോർഡ് എന്നെ നോക്കി അപ്പുറത്ത് നിന്ന് പല്ലിളിക്കുന്നുണ്ട്.

അവസാനമായി, വിഷയത്തിലേക്ക് കടയ്ക്കും മുമ്പ് ഒരു കഥകൂടി പറയാം.. വൈദ്യുതിയും, ആധുനിക യാത്രാ സൗകര്യങ്ങളും കാര്യമായി എത്തിപെടാത്ത ആ ഗ്രാമ പ്രദേശത്ത് നോമ്പ് കാലമാവുമ്പോൾ നലോ അഞ്ചോ നാഴിക അപ്പുറത്ത് നടന്നിരുന്ന മത പ്രഭാഷണത്തിന് മുസ്ലിം കുടുംബങ്ങളിലെ സ്ത്രീകൾ ഒന്നിച്ച് കാൽ നടയായി പോകുമായിരുന്നു. അന്ന് കൂട്ടിന് ടോർച്ചും കത്തിച്ച്, തരി കഞ്ഞിയും കുടിച്ച് ഗംഗാധരേട്ടനും, മോഹനേട്ടനും മുന്നേ നടക്കുമത്രെ. മതങ്ങളുടെ പേരിൽ സംശയത്തോടെയും വെറുപ്പോടെയും മനുഷ്യർ ഇന്ന് മനുഷ്യരെ തരം തിരിക്കുന്നത് കാണുമ്പോൾ ഞാനീ കഥകൾ ഓർക്കാറുണ്ട്.  ഇല്ലായ്മയുടെ കാലത്ത് മനുഷ്യർ പരസ്പരം ചേർത്ത് പിടിക്കുകയും, സ്നേഹിക്കുകയും, വിശ്വസിക്കുകയും ചെയ്ത നനവുള്ള മുഹൂർത്തങ്ങൾ.. 

സമകാലിക ഇന്ത്യയിൽ ആഘോഷങ്ങൾ അപ്പുറത്തുള്ളവനെ ആക്രമിക്കാൻ കിട്ടുന്ന അവസരങ്ങളായി ഉപയോഗിക്കപെടുന്ന പ്രവണത ഏറിവരുന്നത് നാം കാണുന്നുണ്ട്. പ്രത്യേകിച്ച് കേരളത്തിന് പുറത്ത്, പ്രധാനപെട്ട ഓരോ ആഘോഷവേളകളിലും പള്ളികൾക്ക് മുന്നിൽ ആക്രോശങ്ങൾ ഉയരുന്നു, സ്ത്രീകൾ ആക്രമിക്കപെടുന്നു, ആരാധനാലയങ്ങൾ പൊളിക്കുന്നു. മനുഷ്യരെ ഒരിക്കൽ ചേർത്ത് നിർത്തിയിരുന്ന ആഘോഷങ്ങളങ്ങിനെ കുരുതി കളങ്ങളാവുന്നു. ഇവിടെ കേരളത്തിലും ചില മത ഭ്രാന്തരും, പുരോഹിതന്മാരും മനുഷ്യർ ഒന്നിച്ചിരുന്ന് സ്നേഹം വിളമ്പിയ ഇടങ്ങളെ പൊളിച്ചെഴുതാൻ നോക്കുന്നുണ്ട്. നിൻ്റെത് എൻ്റെത് എന്ന് പറഞ്ഞ് ഭിന്നിപ്പ് ഉണ്ടാക്കുന്നു. ഫത്വവകൾ പുറത്ത് വിടുന്നു. എന്നിട്ട് ഇവർ തന്നെ അപ്പുറത്ത് പോയി മത സൗഹാർദ്ദ സദസ്സുകൾ സംഘടിപ്പിച്ച് സ്വയം പരിഹാസ്യരാവുന്നു. 

നമ്മുടെ മണ്ണിൽ മനുഷ്യർ ഇന്നും പരസ്പരം സ്നേഹത്തോടെ ജീവിക്കുന്നത് മത സൗഹർദ്ദ സദസ്സുകളുടെ ബലം കൊണ്ടോ അതിൽ പങ്കെടുക്കുന്ന നലാളുകളുടെ പ്രവർത്തനം കൊണ്ടോ അല്ല. അത് നിസ്വാർത്ഥരായ മനുഷ്യർ വർഗ്ഗീയ കോമരങ്ങളെ പുറത്ത് നിർത്തി ഒന്നിച്ചിരുന്ന് സദ്യയും, ബിരിയാണിയും വിളമ്പിയിട്ട് തന്നെയാണ്. ഓണത്തിന് തോളോട് തോളുരുമ്മി കമ്പവലിച്ചും, ക്രിസ്മസ് കേക്ക് പകുത്ത് നൽകിയും, നോമ്പിന് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും, ചിരിച്ചും ഒക്കെ തന്നെയാണ് നാം സ്നേഹത്തിൻ്റെ ചങ്ങല നെയ്തെടുത്തത്. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നത് കൊണ്ടുതന്നെ എനിക്ക് മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവരോട് ഇടപഴകാൻ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിലൂടെ മനസ്സിലാക്കുവാൻ സാധിച്ചത് നമ്മുടെ നാട്ടിലുള്ളത് പോലെ എല്ലാവരും ചേർന്ന് കൊണ്ടാടുന്ന സാസ്കാരിക ഇടങ്ങളും, ആഘോഷങ്ങളും കുറവാണ് എന്നതാണ്. അതിലൂടെ അപരിചിതത്വത്തിൻ്റെ പുകമറ മായ്ക്കാൻ അവർക്ക് പലപ്പോഴും കഴിയാതെ വരുന്നു.

എന്നാൽ തൃശ്ശൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒരു ദേശക്കാരനെ സംബന്ധിച്ച് മുകളിൽ പറഞ്ഞ ആഘോഷങ്ങൾ കൂടാതെ ഉത്സവങ്ങളും, ചന്തന കുടം നേർച്ചകളും, പള്ളിപെരുനാളുകളും ഒക്കെയുണ്ട്. അവിടെയെല്ലാം നിങ്ങൾക്ക് ജാതി മതഭേദ്യമന്യെ മനുഷ്യർ ഒത്ത് കൂടുന്നത് കാണാം. ആഘോഷ കമ്മറ്റികളുടെ ഭാരവാഹികളിൽ പോലും നമുക്കീ വൈചിത്യം പ്രകടമാണ്. ഇത്തരത്തിൽ ഒന്നിച്ചിരുന്ന് നെയ്തെടുത്ത വിശ്വാസത്തിൻ്റേയും, സ്നേഹത്തിൻ്റേയും മേലേ കഠാര കുത്തിയിറക്കാൻ ശ്രമിക്കുന്നവരെ നാം കരുതിയിരിക്കണം. വെറുപ്പ് വിതക്കുകയും, അത് കൊയ്യുകയും ചെയ്യുന്നവർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ് മനുഷ്യർ ഒരുമിച്ച് കൂടുന്ന സാംസ്കാരിക ഇടങ്ങളും ആഘോഷങ്ങളും. അവിടെ അന്യവത്കരണം നടക്കാതെ പോകുന്നു. ജനങ്ങളെ തമ്മിൽ തല്ലിച്ച് നേടി എടുക്കാമെന്ന് കരുതിയ രാഷ്ട്രീയ, അധികാര ലക്ഷ്യങ്ങളുടെ ഉന്നം പിഴക്കുന്നു.

ബദ്രി നാരായൺ അദ്ദേഹത്തിൻ്റെ Republic of Hindutva How Sang is Reshaping Indian Democracy എന്ന പുസ്തകത്തിൽ പറഞ്ഞ പോലെ വെറുപ്പിൻ്റെ മൊത്ത കച്ചവടക്കാർക്ക് ഏത് സമയത്തും കത്തിച്ചെടുക്കാൻ കഴിയുന്ന സദാ പുകയുന്ന പ്രശ്നങ്ങൾ നാട് നീളെ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ അവരതുണ്ടാക്കും. ആവശ്യമുള്ളപ്പോൾ അതവർ കത്തിക്കും തമ്മിലടിപ്പിച്ച് ലാഭം കൊയ്യും. അത് തന്നെയാണ് ഇന്ന് നാം ഉത്തരേന്ത്യയിൽ കണ്ടു കൊണ്ടിരിക്കുന്നത്. വർഷം തോറും ഒട്ടനവധി അഘോഷങ്ങളാൽ അനുഗ്രഹിക്കപ്പെട്ട ഇന്ത്യക്കാർക്കിടയിൽ അവയെ നെറികെട്ട രാഷ്ട്രീയത്തിന് ഉപയോഗിച്ചാലുളള ഗുണത്തെ പറ്റി അവർക്ക് നല്ല ബോധ്യമുണ്ട്. അത് കൊണ്ടാണ് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ആഘോഷ വേളകളിൽ ഇതര സമുദായങ്ങൾക്ക് എതിരെയുള്ള ആക്രോശങ്ങൾ പാട്ടുകളുടെ രൂപത്തിലും അല്ലാതെയും ഉയരുന്നത്, ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നത്, ഹോളി ആഘോഷത്തിൻ്റെ പേരിൽ മുസ്ലിം സ്ത്രീകൾ തെരുവുകളിൽ അവഹേളിക്കപെടുന്നത്. ഇവിടെ സാധാരണക്കാരായ മനുഷ്യർക്ക് ചെയ്യാനുള്ളത് കൂടുതൽ പങ്കുവെക്കുകയും, ഒന്ന് ചേർന്ന് ഇത്തരം ഇടങ്ങളെ ആഘോഷിക്കുകയും ചെയ്യുക എന്നതാണ്. കഴിഞ്ഞ ഓണത്തിന്, പെരുന്നാളിന്, ക്രിസ്തുമസിന് വിളമ്പിയതിനേക്കാൾ ഒരുപിടി ചോറ് അടുത്ത പ്രാവശ്യം സുഹൃത്തിന് കൂടുതൽ കരുതി വെക്കുക എന്നതാണ്. വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമായിരിക്കട്ടെ അത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Contact the author

Ashik Veliyankode

Recent Posts

Sufad Subaida 1 month ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 1 month ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 1 month ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 4 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More
Dr. Azad 5 months ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 5 months ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More