പാറ്റ്ന: കേന്ദ്രസര്‍ക്കാര്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 200 രൂപ സബ്സിഡി നല്കാന് തീരുമാനിച്ചതില്‍ പ്രതികരണവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ജനപ്രീതി വര്ധിക്കുന്നതിലുളള സമ്മര്‍ദ്ദം മൂലമാണ് കേന്ദ്രസര്‍ക്കാര്‍ എല്‍പിജി വില കുറച്ചതെന്നും ഇനി ഇന്ധനത്തിന്റെയും അവശ്യ സാധനങ്ങളുടെയും വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നും തേജസ്വി യാദവ് പറഞ്ഞു.
'കഴിഞ്ഞ 9 വര്‍ഷമായി രാജ്യത്തെ കൊളളയടിക്കുന്ന മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഇന്ത്യയുടെ ജനപ്രീതിയെ ഭയപ്പെടുന്നു. അതിനെ മറികടക്കാനാണ് എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ നേരിയ കുറവ് വരുത്തിയത്. കാത്തിരുന്ന് കാണുക, ഇനി പെട്രോളിന്റെയും ഡീസലിന്റെയും സാധനങ്ങളുടെയും വില കുറയ്ക്കാന്‍ ഇന്ത്യ അവരെ നിര്‍ബന്ധിക്കും. വ്യവസായികള്‍ക്ക് ഈ രാജ്യത്തെ വില്ക്കാന് ഞങ്ങള്‍ അവരെ അനുവദിക്കില്ല'- തേജസ്വി യാദവ് പറഞ്ഞു. ഇന്ത്യ ജനങ്ങളുടെ ജീവിതവും അഭിമാനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പാചക വാതക സിലിണ്ടറിന് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചത്. ഇതോടെ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 200 രൂപയുടെയും പിഎം ഉജ്ജ്വല സ്കീമിന് കീഴിലുളളവര്‍ക്ക് 400 രൂപയുടെയും ഇളവ് ലഭിക്കും.