കോട്ടയം: പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 37,719 വോട്ടിന്റെ ഗംഭീര വിജയം. ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്റെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ചാണ്ടിക്ക് വ്യക്തമായ ലീഡുണ്ടായിരുന്നു. അവസാനം ലഭിച്ച കണക്കുകളനുസരിച്ച് ചാണ്ടി ഉമ്മന്‍ 78,649 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് 41,982 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 6486 വോട്ടും ലഭിച്ചു. 2011-ല്‍ ഉമ്മന്‍ചാണ്ടി നേടിയ 33,255 വോട്ടാണ് പുതുപ്പളളി കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം. ഇതാണ് മകന് ചാണ്ടി ഉമ്മന്‍ മറികടന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
1970-ലാണ് പുതുപ്പളളിയില്‍ സിപിഎമ്മിന്റെ ഇ എം ജോര്‍ജ്ജിനെ 7,288 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഉമ്മന്‍ചാണ്ടി നിയമസഭയിലെത്തിയത്. പിന്നീടിങ്ങോട്ട് 53 വര്‍ഷം പുതുപ്പളളിക്കാര്‍ കണ്ടത് ഉമ്മന്‍ചാണ്ടിയെ മാത്രമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മരണത്തിനു പിന്നാലെയാണ് പുതുപ്പളളിയില്‍ തെരഞ്ഞെടുപ്പിന് വീണ്ടും കളമൊരുങ്ങിയത്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു വോട്ടെടുപ്പ് നടന്നത്.
പുതുപ്പളളിയിലെ വിജയം കേരളമാകെ ആളിപ്പടരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പ്രതികരിച്ചു. നാട് ജയിച്ചെന്നും പിതാവ് നയിച്ച അതേ വഴിയിലൂടെ പോകാനുളള എല്ലാ സവിശേഷതകളുമുളള ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മനെന്നും കെ സുധാകരന് പറഞ്ഞു.