തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്ന സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മകനും പുതുപ്പളളി എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്നും അതെല്ലാം കഴിഞ്ഞുപോയ കാര്യങ്ങളാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരോട് തങ്ങള്‍ ക്ഷമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
'അതെല്ലാം കഴിഞ്ഞുപോയ കാര്യങ്ങളാണ്. ആ വിഷയം ഇനി അധികം ചര്‍ച്ച ചെയ്യേണ്ട കാര്യമൊന്നുമില്ല. ഇതിനകത്ത് പാവപ്പെട്ടവന്റെ, കഷ്ടപ്പെടുന്നവന്റെ ഒത്തിരി പണം ചെലവഴിച്ചുകഴിഞ്ഞു. ഒരു അന്വേഷണം നടന്നു, അതിന്റെ മേല്‍ രണ്ട് അന്വേഷണം നടന്നു. ഇനി വേറൊരു അന്വേഷണം കൂടെ നടത്തേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇങ്ങനെ ചെയ്തവരോടുളള വൈരം അവസാനിപ്പിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. അതുതന്നെയാവും എന്റെ പിതാവും ആഗ്രഹിക്കുന്നുണ്ടാവുക എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇനി ഇതിന്മേല് അന്വേഷണം നടത്തുന്നതിലൊന്നും കാര്യമില്ലെന്നാണ് കരുതുന്നത്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവരോട് ഞങ്ങള്‍ ക്ഷമിക്കുന്നു'- ചാണ്ടി ഉമ്മന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ടി ജി നന്ദകുമാറിന്റെ ആരോപണത്തെക്കുറിച്ചുളള ചോദ്യത്തിന്, കോണ്‍ഗ്രസില്‍നിന്ന് ആരും അങ്ങനെ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും പ്രശ്നമുണ്ടാക്കാനായി ഇല്ലാത്ത ആരോപണങ്ങളുന്നയിച്ചാല്‍ അത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിമാരായിരുന്ന രണ്ടുപേര്‍ മുഖ്യമന്ത്രിമാരാകാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് ഉമ്മന്‍ചാണ്ടി തേജോവധത്തിന് ഇരയായതെന്നാണ് ടിജി നന്ദകുമാര്‍ വെളിപ്പെടുത്തിയത്.