ഡല്‍ഹി: സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 14 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 102 പേരെ കാണാതായി. കാണാതായവരില്‍ 23 പേര് സൈനികരാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം, നാല്‍പ്പതിലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ലൊനാക് തടാക പ്രദേശത്തുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് ടീസ്റ്റ നദിയില്‍ വെളളപ്പൊക്കമുണ്ടായത്. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതോടെ നദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള മുവായിരത്തിലധികം വിനോദസഞ്ചാരികള്‍ സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വി ബി പഥക് അറിയിച്ചു. പ്രദേശത്തെ 14 പാലങ്ങള്‍ പ്രളയത്തില്‍ ഒലിച്ചുപോയതിനാല്‍ റോഡ് ഗതാഗതം തകര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടീസ്റ്റ നദീതീരത്തുനിന്ന് വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി.