ലക്നൗ: സെപ്റ്റംബര്‍ ഏഴിന് റിലീസായ അറ്റ്ലീ- ഷാറൂഖ് ഖാന് ചിത്രം ജവാന് മികച്ച പ്രതികരണങ്ങളുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇതിനകം ആയിരം കോടിയിലധികം കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തിലൂടെ സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിച്ചതിന് ഷാറൂഖ് ഖാനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. കഫീല്‍ ഖാന്. പോസ്റ്റല്‍ വഴി അയച്ച കത്ത് ഷാറൂഖ് ഖാന് ലഭിക്കാത്തതിനാല്‍ കഫീല്‍ ഖാന് അത് എക്സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ചിത്രത്തില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെട്ടെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ സുഖമായി ജീവിക്കുകയാണെന്നും കഫീല്‍ ഖാന് പറയുന്നു.
ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എന്‍സിഫലൈറ്റിസ് ബാധിച്ച കുട്ടികള്‍ ഓക്സിജന്‍ ലഭിക്കാതെ കൂട്ടത്തോടെ കൊല്ലപ്പെട്ടിരുന്നു. ഓക്സിജന്‍ കമ്പനിക്ക് കുടിശിക നല്‍കാത്തതിനെത്തുടര്‍ന്നായിരുന്നു വിതരണം നിര്‍ത്തിവെച്ചത്. സംഭവത്തില്‍ അനാസ്ഥ ചൂണ്ടിക്കാട്ടി കഫീല്‍ ഖാനുള്പ്പെടെയുളള ആശുപത്രി അധികൃതരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സ്വന്തം ചിലവില്‍ ഓക്സിജന്‍ വാങ്ങി കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ ശ്രമിച്ച കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത് രാജ്യവ്യാപക പ്രതിഷേധത്തിനു കാരണമായി. എട്ടുമാസത്തോളമാണ് കഫീല്‍ ഖാന് ജയിലില്‍ കിടന്നത്.
ജവാനില്‍ സാന്യ മല്‍ഹോത്ര അവതരിപ്പിച്ച ഡോ. ഈറം ഖാന് എന്ന കഥാപാത്രവും സമാനമായ രീതിയില്‍ ഓക്സിജന്റെ അഭാവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതും സ്വന്തം നിലയ്ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ വാങ്ങുന്നതും കാണാം. കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ ഈറം ഖാന് അറസ്റ്റിലാവുകയും ജയില്‍ വാര്‍ഡനായ ഷാറൂഖ് ഖാന്റെ സഹായത്തോടെ കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരികയും ചെയ്യുന്നതാണ് ചിത്രത്തിലുളളത്.
യഥാര്‍ത്ഥ ജീവിതത്തില്‍ കുറ്റവാളികള്‍ സുഖമായി ജീവിക്കുകയും താന്‍ ജോലിക്കുവേണ്ടി കഷ്ടപ്പെടുകയുമാണെന്ന് കഫീല്‍ ഖാന് പറയുന്നു. അന്ന് കുഞ്ഞുങ്ങളെ നഷ്ടമായ 63 മാതാപിതാക്കള്‍ ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 'ജവാന് ഒരു സാങ്കല്‍പ്പിക കഥയാണെങ്കിലും ഗൊരഖ്പൂര്‍ ദുരന്തത്തിനിരയായ നിരപരാധികളുടെ ജീവിതത്തിന്റെ ശക്തമായ ഓര്‍മ്മപ്പെടുത്തലാണ്. നമ്മുടെ ആരോഗ്യ സംവിധാനത്തിനുളളിലെ ഉത്തരവാദിത്തത്തിന്റെ അടിയന്തര ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. സംവിധായകനോടും മറ്റ് അണിയറപ്രവര്‍ത്തകരോടും നന്ദി അറിയിക്കുന്നു. പ്രത്യാശയുടെ വെളിച്ചമായതിന് നന്ദി. മറുപടിക്കായി കാത്തിരിക്കുന്നു'- കഫീല്‍ ഖാന് എക്സില്‍ കുറിച്ചു.