ഡല്‍ഹി: പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ടുചെയ്യാന്‍ കൈക്കൂലി വാങ്ങുന്ന എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷ ഇല്ലെന്ന് സുപ്രീംകോടതി. വോട്ടിന് കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍ അഴിമതി നിരോധന നിയമപ്രകാരമുളള കേസില്‍ വിചാരണ നേരിടണമെന്നും ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.
1998-ല്‍ വോട്ടിന് കോഴ വാങ്ങിയ കുറ്റത്തിന് ജനപ്രതിനിധികളെ വിചാരണയില്‍ നിന്ന് ഒഴിവാക്കി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. നരസിംഹ റാവു കേസിലെ ഈ വിധിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയത്. കൈക്കൂലി വാങ്ങുന്നത് കുറ്റകരമാണെന്നും അതിന് ജനപ്രതിനിധിയെന്ന നിലയില്‍ പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2012-ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പണം വാങ്ങി വോട്ട് ചെയ്ത കേസില്‍ 1998-ലെ വിധി പ്രകാരം തന്നെ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഷിബു സോറന്റെ മരുമകള്‍ സീത സോറന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് സുപ്രീംകോടതി ഏഴംഗ ബെഞ്ചിന്റെ വിധി.