തിരുവനന്തപുരം: കേരളാ സര്‍വ്വകലാശാല കലോത്സവത്തിന് 'ഇന്‍തിഫാദ' എന്ന പേര് ഉപയോഗിക്കുന്നത് വിലക്കിയ സംഭവത്തില്‍ വിസിക്കെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലിനെതിരെ മന്ത്രി വിമര്‍ശനമുന്നയിച്ചത്. ഇന്ത്യയില്‍ രാഷ്ട്രീയം പറയരുതെന്ന് പറയാന്‍ ആര്‍ക്കാണ് അധികാരമെന്ന് അദ്ദേഹം ചോദിച്ചു. ജനാധിപത്യത്തില്‍ എല്ലാം രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും യുവജനോത്സവങ്ങളിലും രാഷ്ട്രീയം പറയേണ്ടതുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോഴും ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോഴും പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ക്കായി എല്ലാ കാലത്തും നിലകൊണ്ടത് ചെറുപ്പക്കാരാണ്. അപ്പോള്‍ അവര്‍ സംഘടിപ്പിക്കുന്ന യുവജനോത്സവങ്ങളില്‍ രാഷ്ട്രീയം പറയാതെ പോകുന്നത് എങ്ങനെ? ഇസ്രായേല്‍ ഫലസ്തീനില്‍ കൂട്ടക്കുരുതി നടത്തുകയാണ്. എത്ര പിഞ്ചുകുഞ്ഞുങ്ങളാണ് മരിച്ചുവീഴുന്നത്. നാമത് ഇവിടെയല്ലാതെ എവിടെയാണ് പറയുക? നിങ്ങളുടെ ധൈര്യമാണ് മനുഷ്യരാശിയുടെ ഭാവി. ഫലസ്തീനിലെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഒരിറ്റു കണ്ണീര് യുവജനോത്സവ വേദിയില്‍ വീഴുന്നുണ്ടെങ്കില്‍ പ്രിയപ്പെട്ട യുവാക്കളെ, നിങ്ങള്‍ ഹൃദയമുളളവരാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെ തന്നെയാണ് നാം നില്‍ക്കേണ്ടത്'- വി ശിവന്‍കുട്ടി പറഞ്ഞു.
ഇന്‍തിഫാദ എന്ന പേര് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവര്ത്തകന് ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് വൈസ് ചാന്‍സലര്‍ പേര് മാറ്റാന്‍ ഉത്തരവിട്ടത്. കലോത്സവം പ്രതിഷേധത്തിനുളള വേദിയല്ലെന്നാണ് വിസിയുടെ നിലപാട്.