ഡല്‍ഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്കിയ കേസില്‍ ബാബാ രാംദേവ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി. പതഞ്ജലി ആയുര്‍വേദയുടെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും നേരിട്ട് ഹാജരാകണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കില്ലെന്ന് ഉറപ്പുനല്‍കിയതിനു ശേഷവും ഇതു തുടര്‍ന്ന പതഞ്ജലി ആയുര്‍വേദയ്ക്കെതിരെ സുപ്രീംകോടതി നേരത്തെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കും വിശദീകരണം ചോദിച്ച് നോട്ടീസുമയച്ചു. ഇരുവരും അതിന് മറുപടി നല്‍കാത്തതിനാലാണ് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജസ്റ്റിസുമാരായ ഹിമ കോലി, എ അമാനുളള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതി ഉത്തരവിനെക്കുറിച്ച് ബാബാ രാംദേവിന് കൃത്യമായ ധാരണയുണ്ടെന്നും അതിനാലാണ് കേസില്‍ മൂന്നാമതൊരു മുതിര്‍ന്ന അഭിഭാഷകന് ഹാജരാകുന്നതെന്നും സുപ്രീംകോടതി പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗിയാണ് പതഞ്ജലിക്കുവേണ്ടി ഹാജരായത്. കേസ് രണ്ടാഴ്ച്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. പതഞ്ജലി ആയുര്‍വേദ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.