ഡല്‍ഹി: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ ആദ്യ പാര്‍ലമെന്റ് സെഷനില്‍ തന്നെ സിഎഎ റദ്ദാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. അധികാരത്തിലെത്തിയാല്‍ ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്നും ജനാധിപത്യം പുനസ്ഥാപിക്കാന്‍ ജനങ്ങള്‍ തന്നെ ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ പി ചിദംബരം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
'ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കും. അഗ്നിവീര്‍ പദ്ധതിയും അതിനൊപ്പം റദ്ദാക്കും. രാജ്യത്തെ യുവാക്കളോടുളള ക്രൂരമായ തമാശയാണ് അഗ്നിവീര്‍. സൈനിക വിരുദ്ധ നടപടിയാണ്. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ സിഎഎയെക്കുറിച്ച് പരാമര്‍ശം ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തെറ്റാണ്. 22-ാം പേജില്‍ സിഎഎയുടെ കാര്യം പരാമര്‍ശിക്കുന്നുണ്ട്. ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്ന് പറഞ്ഞാല്‍ സിഎഎയും റദ്ദാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എന്നാണ്'- പി ചിദംബരം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സിഎഎ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്നും രാഹുല്‍ ഗാന്ധിയടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ ഇതേക്കുറിച്ച് മിണ്ടുന്നില്ലെന്നും പിണറായി വിജയന് ആരോപിച്ചിരുന്നു. ഇതിനുളള മറുപടി കൂടിയാണ് പ്രിയങ്കാ ഗാന്ധിയും പി ചിദംബരവും നല്‍കിയത്.