തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് ജൂലൈ മാസത്തിലോ അത് കഴിഞ്ഞോ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊവിഡ് -19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും പുറത്തു നിന്ന് ധാരാളം പേര് വരുമ്പോള്‍ ഇങ്ങനെയുണ്ടാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്തര്‍ജില്ലാ ബസ്സുകള്‍ രണ്ടു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ദീര്‍ഘദൂര ബസ്സുകള്‍ അടുത്തഘട്ടത്തില്‍ മാത്രമേ ആലോചിക്കൂ. കാറുകളില്‍ 4 പേര്‍ക്ക് സഞ്ചരിക്കാം. എന്നാല്‍ ഓട്ടോയില്‍ രണ്ടു യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ഈ മാസം 8 നു ശേഷം ലോക്ക് ഡൌണില്‍ വരുത്തേണ്ട ഇളവുകളെ കുറിച്ച് കേന്ദ്രവുമായി സംസാരിക്കും.
സിനിമാ ഷൂട്ടിംഗ് ഇന്‍ഡോര്‍ ആയി അനുവദിക്കും. പരമാവധി 50 പേരെ മാത്രമേ അനുവദിക്കൂ. ചാനല്‍ ഷൂട്ടിംഗ് 25 പേരെ പങ്കെടുപ്പിച്ച് നടത്താം. അതും ഇന്‍ഡോര്‍ മാത്രമേ തല്ക്കാലം അനുവദിക്കൂ.