ഡല്‍ഹി: ചൈന ഇന്ത്യയുടെ ഒരിഞ്ചു സ്ഥലംപോലും പിടിച്ചെടുത്തിട്ടില്ലെന്നും കടന്നു കയറിയിട്ടില്ലെന്നും ആവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘര്‍ഷം നടന്നത് എവിടെ വെച്ചാണ് എന്ന് വ്യക്തമാക്കാന്‍ തയാറാകണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇന്ത്യ-ചൈന സംഘര്‍ഷത്തിലേക്ക് നയിച്ച സാഹചര്യമേതാണ്? എന്തിനായിരുന്നു സംഘര്‍ഷം? രാജ്യത്തിന്റെ സൈനികര്‍ രക്തസാക്ഷികളായത് എന്തിനു വേണ്ടിയാണ്? തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം - പിബി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ പോസ്റ്റുകള്‍ ചനീസ് സൈനികര്‍ പിടിച്ചെടുത്തിട്ടില്ലെന്നും, അതിര്ത്തിക്കിപ്പുരം കടന്നു കയറിയിട്ടില്ലെന്നുമാന് പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിച്ചത്. അങ്ങനെയെങ്കില്‍ സംഘര്‍ഷം എന്തിനായിരുന്നു എന്ന ചോദ്യം ന്യായമായും ഉയരും. ഇതിനേ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സമാധാന ചര്‍ച്ചകള്‍ക്കെല്ലാം തന്നെ ഇത് സംബന്ധിച്ച വ്യക്തത ആത്യാവശ്യമാണ്. എന്നാല്‍ ഇതിനുപകരം വിദേശ , പ്രതിരോധ മന്ത്രാലയങ്ങളും പ്രധാനമന്ത്രിയും പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നതെന്നും സിപിഎം ആരോപിച്ചു.
അതിര്‍ത്തിയില്‍ എന്താണ് സംഭവിച്ചതെന്നും ഇനി അത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കാതിരിക്കണമെങ്കില്‍ എന്ത് ചെയ്യണമെന്നും വ്യക്തതയുണ്ടാവേണ്ടത് അത്യാവശ്യമാണ്. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാനാവശ്യമായ വ്യക്തതയുണ്ടാക്കാന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും തയാറാകണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.