ധാർമികത മറന്ന് മുഖ്യമന്ത്രി, ആക്രാന്തം മൂത്ത് പ്രതിപക്ഷം

Muziriz Post 3 years ago

തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിൽ കേരളത്തിലെ ഭരണ- രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാകുമ്പോൾ ചില വസ്തുതകൾ അറിയാനുള്ള അവകാശം നമുക്കുണ്ട്. രാഷ്ട്രീയ വിവാദങ്ങൾക്കും, മാധ്യമ കഥകൾക്കുമപ്പുറം തിരശീലക്ക് പിന്നിലെ ആ യഥാർത്ഥ വില്ലനെ അറിയാനുള്ള അവകാശം.

പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുമ്പ് എകെജി സെന്ററിൽ  നടത്തിയ വാർത്താ സമ്മേളനം മറക്കാൻ സമയമായിട്ടില്ല.   തന്റെ ഓഫീസിൽ അവതാരങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു  അന്നത്തെ സുവർണ പ്രഖ്യാപനം. ഉമ്മൻചാണ്ടിയുടെ പിഴവ് തനിക്ക് പറ്റില്ലെന്ന് അധികാരത്തിലേറും മുമ്പ് കേരളത്തിന് തന്ന വാഗ്ദാനമായിരുന്നു . നാലര വർഷങ്ങൾക്ക് ഇപ്പുറം ഏതാണ്ട് സമാനമായ  സാഹചര്യത്തിൽ വിശ്വസ്തനായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സ്ഥാനം തെറിക്കുമ്പോൾ, ശക്തനായ ഭരണാധികാരി എന്ന പ്രതിച്ഛായക്ക് തട്ടുന്ന കോട്ടം ചെറുതല്ല. ശിവശങ്കരനെ എന്തിന് പുറത്താക്കിയെന്ന്   ജനങ്ങളോട് വിവരിക്കാനുള്ള ഉത്തരവാദിത്വം ഇതുവരെ മുഖ്യമന്ത്രി നിറവേറ്റിയിട്ടില്ല. വിവാദങ്ങളുടെ കേന്ദ്ര സ്ഥാനത്തുള്ളയാളെ ഓഫീസിൽ നിന്ന് നീക്കിയെന്ന ഒറ്റ വരി വിശദീകരണം ജനാധിപത്യ സമൂഹത്തിന് മതിയാകില്ല. ഒളിക്കാൻ ഒന്നും ഇല്ലെങ്കിൽ, ആരോപണ വിധേയയായ സ്ത്രീ,  സർക്കാറിന് കീഴിലെ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ആണെങ്കിൽ പോലും നിയമിതയായതെങ്ങിനെയെന്ന്  സർക്കാർ ഏജൻസികൾക്ക് അന്വേഷിക്കാവുന്നതാണ്. കേന്ദ്രം  അന്വേഷിച്ചാൽ സഹായിക്കാം എന്ന വാഗ്ദാനമല്ല  നാം പിണറായി വിജയനെന്ന മുഖ്യമന്ത്രിയിൽ നിന്ന്  പ്രതീക്ഷിക്കുന്നത്. അതേസമയം കേന്ദ്രം പറയും മുമ്പേ ആർക്കും എന്തും അന്വേഷിക്കാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ആർജ്ജവം കാണാതിരിക്കാനുമാകില്ല.

കളളക്കടത്ത് കേസിനെ മുഖ്യമന്ത്രിയുടെ ഓഫീസുമായി  ബന്ധിപ്പിക്കുന്നതിൽ പ്രതിപക്ഷം പൂർണമായും വിജയിച്ചിരിക്കുന്നു. അല്ലെങ്കിൽ കൊറോണ ഭീതിയിലും  മുഖ്യമന്ത്രിയുടെ രാജിആവശ്യപ്പെട്ട് തെരുവിൽ മുദ്രാവാക്യം വിളിക്കാൻ നൂറുകണക്കിന് യുവാക്കൾക്ക്  ആർജ്ജവം ഉണ്ടാകില്ലായിരുന്നു. സ്പ്രീംഗ്ലർ വിവാദത്തിൽ തുടങ്ങി, ബെവ്കോ ആപ്പിൽ മുടന്തി, പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിൽ  പച്ച തൊടാതെനിൽക്കുന്ന  കാലത്ത് സ്വപ്നയും കള്ളക്കടത്തും  പ്രതിപക്ഷത്തിന് നൽകുന്നത്  സുവർണാവസരം തന്നെയാണ്. എന്നാൽ കോടികൾ കിലുങ്ങുന്ന ഈ ഇടപാടിനെ മുഖ്യമന്ത്രിയുടെ ഓഫീസിനുമപ്പുറം കൊണ്ടുപോയി സത്യം അറിയാനോ  കുറ്റവാളികളെ കണ്ടെത്താനോയുള്ള  താൽപര്യം പ്രതിപക്ഷത്തിനോ  അഭിനവ രാജ്യ സ്നേഹികളുടെ പാർട്ടിക്കോ ഇല്ല.മുഘ്യമന്ത്രിയുടെ ഓഫീസുമായി ചുറ്റിപ്പറ്റിയുള്ള മാഞ്ഞാലത്തിനും അതിനെതിരായി എന്തെങ്കിലും തരത്തിൽ ജനവികാരത്തെ ഉണ്ടാക്കിയെടുക്കാൻ കഴിയുമോ എന്ന  അന്വേഷണത്തിലുമാണ് പ്രതിപക്ഷം. 

വായ്ത്താരികൾ കൊണ്ട് കേസിൽ ബന്ധിപ്പിക്കപ്പെട്ട എം ശിവശങ്കരൻ പണി പോയി തിരുവനന്തപുരത്തെ വീട്ടിൽ തന്നെയുണ്ട്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ പോയിട്ട് മൊഴിയെടുക്കാൻ പോലും ശിവശങ്കരനെ  കസ്റ്റംസ് ഇതുവരെ വിളിപ്പിച്ചിട്ടില്ല. ഡിപ്ലോമാറ്റ് കാർഗോക്കായി കസ്റ്റംസിനെ വിളിച്ചെന്ന് പറയപ്പെടുന്ന ബിഎംഎസ് നേതാവിനെ അടക്കം കസ്റ്റംസ് ചോദ്യം ചെയ്യലിന് വിധേയമാകുമ്പോഴാണ് അന്വേഷണ സംഘത്തിന്റെ നോട്ടം ആരോപണങ്ങളുടെ കേന്ദ്ര സ്ഥാനത്തുള്ള ഭരണ തലത്തിൽ സ്വാധീനമുള്ള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേർക്ക് തിരയാതെയിരിക്കുന്നത്. സ്വപ്നയുടെ നിയമനം ഐ ടി സെക്രട്ടറിയുടെ അറിവോടെയാണെന്ന് തെളിഞ്ഞാൽ  മുഖ്യമന്ത്രി ഇനിയും വിയർക്കും. എന്നാൽ കേസിനെ മുഖ്യമന്ത്രിയുടെ ഓഫീസുമായി  ബന്ധിപ്പിക്കുന്ന വസ്തുനിഷഠമായ തെളിവുകൾ ഇതുവരെ  നമുക്ക് മുന്നിൽ എത്തിയിട്ടില്ല. പിടിയിലാകുന്ന പരൽമീനുകളുടെ  രാഷ്ട്രീയ ബന്ധങ്ങളുടെ  ചികയലിനും, സ്വപ്നയെ മുൻനിർത്തിയുള്ള ചളിവാരിയെറിയലുകൾക്കും മാത്രമാകും വരും ദിവസങ്ങളിലും നമുക്ക് സാക്ഷിയാകേണ്ടി വരിക.

Contact the author

Muziriz Post

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 4 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 4 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 4 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 1 month ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More