ചങ്ങനാശ്ശേരി: മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ സി.എഫ്. തോമസ് (81) എം.എല്‍.എ അന്തരിച്ചു. നിലവില്‍ ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നിന്നുള്ള നിയമസാഭാംഗമാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 9 തവണ ചങ്ങനാശ്ശേരിയില്‍ നിന്നും നിയമ സഭയില്‍ എത്തിയ അദ്ദേഹം രണ്ടുതവണ മന്ത്രിയായിരുന്നു.
കെ .എം. മാണിയുടെ നിലപാടിനൊപ്പം എക്കാലവും ഉറച്ചുനിന്നിട്ടുള്ള സി.എഫ് തോമസ്, പി.ജെ ജോസഫ് ലയിച്ചപ്പോള്‍ പാര്‍ട്ടി ചെയര്മാന് സ്ഥാനം ഉപേക്ഷിച്ച് ഡെപ്യൂട്ടി ചെയര്മാന് സ്ഥാനം ഏറ്റെടുത്തിരുന്നു. മുന്‍ കാലങ്ങളില്‍ നടന്ന ലയന നീക്കങ്ങളിലൊക്കെ സ്ഥാനങ്ങള്‍ ത്യജിച്ചും മാണിയുടെ നിഴലായും ഒപ്പം നിന്ന നേതാവാണ് അദ്ദേഹം. പി.ജെ ജോസഫ്, ജോസ്. കെ. മാണി എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ടി പിളര്‍പ്പിലേക്ക് വഴിതിരിയുന്ന വേളയില്‍ സി.എഫ്. തോമസ് പതിവില്‍ നിന്ന് വ്യത്യസ്തമായി ജോസഫ് വിഭാഗത്തോടൊപ്പം നിന്നത് ജോസ്. കെ. മാണി വിഭാഗത്തെ ഞെട്ടിച്ചിരുന്നു.