ഐഎംഎ ഭാരവാഹിയായ കോൺ​ഗ്രസ് നേതാവ് ആരോ​ഗ്യപ്രവർത്തകരെ അപമാനിച്ചെന്ന് ധനമന്ത്രി

ആരോ​ഗ്യവകുപ്പിനെ പുഴുവരിച്ചെന്ന ഐഎംഎയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. പ്രൊഫഷണൽ കോൺഗ്രസ് നേതാവ് ഡോ. ലാൽ. അതേറ്റുപിടിച്ച ഐഎംഎ ഭാരവാഹികൾക്ക് ഈ മഹാമാരിക്കാലത്ത് ഏറ്റവും ത്യാഗപൂർണ്ണമായ സേവനം അനുഷ്ഠിക്കുന്ന തങ്ങളുടെ അംഗങ്ങളെ തന്നെയാണ് അപമാനിച്ചതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ഐസക് അഭിപ്രായപ്പെട്ടു. ആരോ​ഗ്യ വകുപ്പിനെ സംബന്ധിച്ച് സംവാദത്തിന് ഡോ. ലാലിനെ ഐസക് വെല്ലുവിളിച്ചു.

ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം-

ആരോഗ്യ വകുപ്പിനെ പുഴുവരിക്കുന്നുവെന്ന് പ്രൊഫഷണൽ കോൺഗ്രസ് നേതാവ് ഡോ. ലാൽ. അതേറ്റുപിടിച്ച ഐഎംഎ ഭാരവാഹികൾക്ക് ഈ മഹാമാരിക്കാലത്ത് ഏറ്റവും ത്യാഗപൂർണ്ണമായ സേവനം അനുഷ്ഠിക്കുന്ന തങ്ങളുടെ അംഗങ്ങളെ തന്നെയാണ് അപമാനിച്ചതെന്നുള്ള തിരിച്ചറിവ് ഇപ്പോഴും ഉണ്ടായിട്ടില്ല. പ്രൊഫഷണലായ ഡോ. ലാലാവട്ടെ ആരോഗ്യ മന്ത്രിയെ സംവാദത്തിനു വെല്ലുവിളിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രിയോടു വേദി പങ്കിടുവാൻവെമ്പുന്ന ഡോ. ലാൽ എന്റെ ഈ വാദങ്ങളോട് പ്രതികരിച്ചാട്ടെ.

1) കിഫ്ബിയിൽ നിന്നും 3000 കോടി രൂപയാണ് ആരോഗ്യ മേഖലയുടെ പശ്ചാത്തലസൗകര്യ ങ്ങൾ മെച്ചപ്പെടുത്താൻ നീക്കിവച്ചിട്ടുള്ളത്. മെഡിക്കൽ കോളേജുകൾ മുതൽ താലൂക്ക് ആശുപത്രി വരെയുള്ള കെട്ടിടങ്ങൾ നവീകരിക്കുന്നതിനും ആധുനിക ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ് ഈ തുക. ഇതിനുപുറമേ ബജറ്റിൽ നിന്ന് 1500 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കുള്ള പണം കണ്ടെത്തിയിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ ചരിത്രത്തിൽ പശ്ചാത്തലസൗകര്യ വികസനത്തിനായി ഇത്ര ഭീമമായ തുക ചെലവഴിച്ചിട്ടുള്ള ഒരു കാലം ചൂണ്ടിക്കാണിച്ചുതരാമോ? യുഡിഎഫ് ഭരണകാലത്തെ ആരോഗ്യരംഗത്തെ മുതൽമുടക്കിന്റെ അഞ്ച് മടങ്ങുവരും ഇപ്പോഴത്തെ മുതൽമുടക്ക്.

2) സെപ്തംബർ വരെ ഈ സർക്കാരിന്റെ ഭരണകാലത്ത് 5391 തസ്തികകൾ ആരോഗ്യ വകുപ്പിൽ സൃഷ്ടിച്ചിട്ടുണ്ട്. 1041 ഡോക്ടർമാർ, 2182 നേഴ്സുമാർ, 1057 പാരമെഡിക്കൽ സ്റ്റാഫ്, 811 മറ്റ് സ്റ്റാഫുകൾ. സെപ്തംബർ മുതൽ 1000 തസ്തികകൾ എങ്കിലും ചുരുങ്ങിയത് പരിയാരം, കോന്നി, കാസർഗോഡ് ടാറ്റാ ഹോസ്പിറ്റൽ തുടങ്ങിവയിലായി സൃഷ്ടിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് സൃഷ്ടിച്ച തസ്തികകളുടെ എണ്ണം 2358. യുഡിഎഫിനെ അപേക്ഷിച്ച് മൂന്നു മടങ്ങ് പോസ്റ്റുകൾ ഉണ്ടാക്കി.

3) എല്ലാ മെഡിക്കൽ കോളേജുകളിലും ഓങ്കോളജി ഡിപ്പാർട്ട്മെന്റായി. എല്ലാ ജില്ലാ ആശുപത്രികളിലും കാർഡിയോളജി ഡിപ്പാർട്ട്മെന്റായി. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിന് കേന്ദ്രങ്ങൾ തയ്യാറായിരിക്കുന്നു. പകുതിയിലേറെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ഇവിടങ്ങളിൽ രണ്ടുനേരം ഒപിയുണ്ട്. ഇന്ത്യയിലെ 100 ഏറ്റവും നല്ല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 68 എണ്ണം കേരളത്തിലേതാണ്. 

4) ഇവയുടെ ഫലം നോക്കൂ. യുഡിഎഫ് ഭരണകാലത്ത് (2014) 34 ശതമാനം ആളുകളാണ് പൊതു ആരോഗ്യ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്നത്. 2017 ൽ അത് 48 ശതമാനമായി. ഇപ്പോൾ കോവിഡ് കാലത്ത് 60-70 ശതമാനമായി ഉയർന്നിട്ടുണ്ടാവണം. ആരോഗ്യ സേവന ഗുണഭോക്താക്കൾക്കു ഏതാണ്ട് പൂർണ്ണമായി ചികിത്സ സൗജന്യമാണ്. ആരോഗ്യ ഇൻഫറൻസിന്റെ പരിധിയിപ്പോൾ 5 ലക്ഷം രൂപയാണെന്നോർക്കുക. യുഡിഎഫ് കാലത്ത് 30000 രൂപയായിരുന്നു.

5) ശിശുമരണ നിരക്ക് ഉമ്മൻചാണ്ടി ഭരണകാലത്ത് 15 ആയി ഉയർന്നതായിരുന്നു. ഇന്നത് 7 ആയി താഴ്ന്നു. ഇനി പറയുക, എവിടെയാണ്  പുഴുവരിച്ചത്? 

6) നിശ്ചയമായും ഇനിയും പരിഹരിക്കേണ്ടുന്ന പ്രശ്നങ്ങൾ ഏറെയുണ്ട്. കോവിഡ് കാലത്ത് ഇവ മൂർച്ഛിച്ചിട്ടുണ്ട്. അങ്ങനെയുള്ള പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും വിമർശിക്കുകയും വേണം. ഇത്തരം നിരന്തരമായ ജനകീയ വിമർശനങ്ങളാണ് കേരള മാതൃകയുടെ അടിസ്ഥാനം. ഇതു സംബന്ധിച്ച് ഇക്കണോമിക് പൊളിറ്റിക്കൽ വീക്കിലിയിലെ പ്രൊഫ. ജോൺ മെഞ്ചറുടെ ‘Lessons and Non Lessons of Kerala Model’ എന്ന പ്രബന്ധം ഞാൻ ഒട്ടേറെ ഉദ്ധരിച്ചിട്ടുണ്ട്. അവരുടെ വാദം ഇതാണ് – കേരളത്തിൽ ഒട്ടുമിക്ക സ്ഥലത്തും സ്കൂളോ ആശുപത്രിയോ നന്നായി പ്രവർത്തിക്കുന്നില്ലെങ്കിൽ പ്രാദേശിക വിമർശനവും പ്രക്ഷോഭവും ഉണ്ടാവും. തമിഴ്നാട്ടിൽ അത് സംഭവിക്കുന്നില്ല. താഴെത്തട്ടിൽ നിന്നുള്ള ഈ ഇടപെടലുകളിലാണ് കേരള വികസനത്തിന്റെ പ്രേരകബലം. അതുകൊണ്ട് വിമർശനങ്ങളോട് അസഹിഷ്ണുതയോ പകയോ ഇല്ല. പക്ഷേ, ലാലിന്റെ പുഴുവരിക്കൽ ഈ ഗണത്തിൽപ്പെടുത്താവുന്ന ഒന്നല്ല.

ഇതുസംബന്ധിച്ച് ഡോ. അനീഷ് തെക്കുംകര എഴുതിയ കുറിപ്പിനെ പൂർണ്ണമായും അനുകൂലിക്കുന്ന ഒരാളാണ് ഞാൻ. അദ്ദേഹത്തിന്റെ വാദങ്ങളെല്ലാം ഞാൻ ഉദ്ധരിക്കുന്നില്ല. താൽപ്പര്യമുള്ളവർക്കു വായിക്കാവുന്നതാണ്. https://www.facebook.com/kp.aravindan/posts/10225785735529664)

യുഡിഎഫ് ഭരണകാലത്ത് സൃഷ്ടിച്ചതിന്റെ മൂന്നുമടങ്ങ് തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ആരോഗ്യ പരിപാലകരുടെ എണ്ണം അപര്യാപ്തമാണ്. കാരണം കൂടുതൽ രോഗികൾ ഇന്ന് പൊതു ആരോഗ്യ സംവിധാനത്തെ ആശ്രയിക്കുന്നു. ഈ കുറവ് പരിഹരിച്ചിരുന്നത് രോഗികൾക്കൊപ്പമുണ്ടാകാറുള്ള കൂട്ടിരിപ്പുകാരാണ്. എന്നാൽ കോവിഡ് ആശുപത്രികളിൽ അവർക്കു പ്രവേശനമില്ല. ആ ചുമതലകൾകൂടി മെഡിക്കൽ സ്റ്റാഫിന്റെ മേൽ വരുന്നു. പലപ്പോഴും അവർക്കു താങ്ങാവുന്നതിനപ്പുറമായി നീങ്ങുന്നു ജോലിഭാരം. ഈ വസ്തുതയാണ് ഇന്ന് ചില മെഡിക്കൽ കോളേജുകൾ സംബന്ധിച്ച് ഉയർന്നിട്ടുള്ള വിമർശനങ്ങളുടെ പശ്ചാത്തലം. ഇതോടൊപ്പം ഒഴിവാക്കാനാവുന്ന വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന പരിശോധനയും വേണം.

ഈ ദൗർബല്യം പരിഹരിക്കാനുള്ള മാർഗ്ഗം കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലെന്നപോലെ ഇനിയും കൂടുതൽ താൽക്കാലിക ആരോഗ്യ പരിപാലകരെ ആവശ്യമെങ്കിൽ മെഡിക്കൽ കോളേജുകളിലും മറ്റും നിയോഗിക്കുകയാണ്. ഇതിനു ധനപരമായോ ഭരണപരമായ തടങ്ങളൊന്നും ഇല്ല. പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ എന്നു ചുരുക്കം.


Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 20 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More