ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പിന്തുണക്കുന്നവർക്കെതിരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. ആറ് മാസത്തിനുള്ളിൽ സ്വഭാവം മാറ്റിയില്ലെങ്കിൽ കയ്യും കാലും തല്ലിയൊടിക്കുമെന്നും വേണ്ടിവന്നാൽ കൊന്നുകളയുമെന്നുമാണ് ദിലീപിന്റെ ഭീഷണി.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി എംപിയുടെ വിദ്വേഷ പ്രസംഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിന് പിന്നാലെയാണ് ദിലീപ് ഘോഷിന്റെ പ്രസംഗം എന്നതും ശ്രദ്ധേയമാണ്. ഹാല്‍ഡിയയില്‍ നടന്ന ബിജെപി റാലിയിലാണ് ദിലീപ് ഘോഷ് തൃണമൂല്‍ അംഗങ്ങളെ ഭീഷണിപ്പെടുത്തി സംസാരിച്ചത്.
ബംഗാളിൽ പ്രശ്നങ്ങളുണ്ടാക്കുന്ന 'ദീദി'യുടെ സഹോദരന്മാർ പ്രവർത്തികൾ മാറ്റിയില്ലെങ്കിൽ കൈകാലുകളും നട്ടെല്ലും ഓടിക്കുമെന്നും വേണ്ടിവന്നാൽ ശ്മശാനത്തിലേക്ക് യാത്ര അയക്കുമെന്നുമാണ് ദിലീപ് പറഞ്ഞത്.