കോടിയേരിക്ക് ചെക്കു വിളിക്കുമ്പോള്‍ ചെന്നിത്തല ഓര്‍ക്കണം - എസ് നികേഷ്

കേരളത്തില്‍ കുട്ടനും മുട്ടനും കളിച്ചുകൊണ്ടിരിക്കുന്ന, ദീര്‍ഘദൃഷ്ടിയില്ലാത്ത മുന്നണി രാഷ്ട്രീയത്തിന്റെ ആദ്യ ഇരയാണ് കോടിയേരി ബാലകൃഷ്ണന്‍. 

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. രോഗ ചികിത്സയ്ക്കായി ലീവ് എടുത്തിരിക്കുകയാണ് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ ഉദ്ധരിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞത്. അസുഖമാണെങ്കില്‍ അദ്ദേഹം എത്രയും വേഗം സുഖം പ്രാപിച്ച് സജീവ രാഷ്ട്രീയത്തില്‍ തിരിച്ചെത്തട്ടെ എന്ന് ആശംസിക്കുന്നു. അതല്ല മക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പാര്‍ട്ടിയെ ഒരുതരത്തിലും പ്രതിസന്ധിയിലാക്കരുത്, എന്ന ബോധ്യമാണ് അദ്ദേഹത്തെ സ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചത് എങ്കില്‍ അതും സ്വാഗതാര്‍ഹമാണ്. സകല ധാര്‍മ്മിക ചിന്തയും അട്ടത്തുവെച്ച് ഇന്ത്യ ഭരിക്കുന്ന തീവ്ര വലതുപക്ഷം ചവിട്ടിക്കുഴച്ചിട്ട മണ്ണില്‍ രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരില്‍ ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാകുന്നത് ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം ബലപ്പെടുത്തും.

ഏതായാലും സംസ്ഥാനത്ത് രണ്ട് മുന്നണികള്‍ തമ്മില്‍ വാശിയേറിയ ചതുരംഗം നടക്കുന്നതിനിടയിലാണ് പുറത്തുനിന്ന് മറ്റാരുടെയോ ''ചെക്ക്'' വിളി കേട്ട് കോടിയേരി പടം മടക്കുന്നത്. ചെക്ക് വിളിച്ചത്  മുല്ലപ്പള്ളിയും ചെന്നിത്തലയുമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. പിന്നെയാരാണ് ? കേരളത്തില്‍ കുത്തുകൂടിക്കൊണ്ടിരിക്കുന്ന ഇടത് മുട്ടനും വലതുകുട്ടനും ഇടയില്‍, ഉറ്റി വീണുകൊണ്ടിരിക്കുന്ന ചോര നക്കുന്ന കേന്ദ്ര കുറുക്കനെ ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും. ഇടത് മുട്ടനും വലതുകുട്ടനും മാത്രമേ അത് മനസ്സിലാകാത്തതുള്ളൂ. അവര്‍ പരസ്പരം കൊമ്പുകൊര്‍ക്കലിന്റെ രസത്തിലാണ്. പരസ്പരം വെടക്കാക്കലിന്റെ ഉന്‍മാദത്തിലാണ്. 

നിങ്ങള്‍ ജലീലിനെ വെച്ചാല്‍ ഞങ്ങള്‍ ഷാജിയെ വെയ്ക്കും, അപ്പോള്‍ നിങ്ങള്‍ കോടിയേരിയുടെ മക്കളെ വെയ്ക്കും അങ്ങനെയെങ്കില്‍ ഞങ്ങള്‍ എം സി ഖമറുദ്ടീനെ വെയ്ക്കും... ഇങ്ങനെ പരസ്പരം ചെളിവാരിയെറിഞ്ഞു കളിക്കുന്നതിനിടയിലാണ് കേന്ദ്ര ഏജന്‍സികള്‍ കടന്നുവന്നത്. അവര്‍ക്കെതിരെ  എന്തെങ്കിലും പറഞ്ഞാല്‍ അഴിമതി മൂടിവെക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്ന് ചെന്നിത്തല പറയും. തിരിച്ചാണെങ്കില്‍ വിജയരാഘവനും ബാലനുമൊക്കെ ചാടിവീഴും. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവരും കള്ളന്മാര്‍. വളരെ നീറ്റായിട്ട് ഒരാള്‍ മാത്രം. അയാളുടെ പേര് കെ. സുരേന്ദ്രന്‍. കുളിച്ചു കുറിതൊട്ട്, നല്ല ഫാഷനില്‍ തുന്നിയ മാസ്ക്ക് ധരിച്ച്, എല്ലാ അഴിമതിയും ജനസമക്ഷം കൊണ്ടുവരുന്ന ഹരിശ്ച്ന്ദ്രന്‍ !

ഒരേ ദിവസം ശിവശങ്കരനെയും ബിനീഷ് കോടിയേരിയും അറസ്റ്റു ചെയ്യുമ്പോള്‍ വലതനു തോന്നാത്തത് ഇബ്രാഹിം കുഞ്ഞിനേയും ഷാജിയെയും ഇ ഡി പൂട്ടുമ്പോള്‍ ഇടതനു തോന്നാത്തത് നാടകീയമായി ഒന്ന് പറഞ്ഞുവെന്നു മാത്രം. 

എല്‍ ഡി എഫുകാരോടും യു ഡി എഫു കാരോടും ഈ പശ്ചാത്തലത്തില്‍ ഒന്നേ പറയാനുള്ളൂ. സംസ്ഥാന ഭരണം കിട്ടാന്‍ നിങ്ങള്‍ കളിക്കുന്ന കളികള്‍ തുടര്‍ന്നോളൂ, കുഴപ്പമില്ല, ഞങ്ങള്‍ കുറെ കണ്ടതാണ്. പക്ഷെ അത് അപരനെ വല്ലാതെയങ്ങ് വെടക്കാക്കിയിട്ട് വേണ്ട. ആ കളി ആപത്താണ്. രണ്ടു മുന്നണികളും ഒരു പോലെ അ‌ഴിമതിക്കാരും കൊള്ളരുതാത്തവരുമാണ് എന്ന ഒരു തീര്‍ച്ചയില്‍ ജനങ്ങളാകെ എത്തി ചെരുന്നതിന് അത് കാരണമാകും. അപ്പോള്‍ പിന്നെ നാം നേരത്തെ സൂചിപ്പിച്ച ശുഭ്ര നക്ഷത്രം പോലെ ഉദിച്ചു നില്‍ക്കുന്ന ആ നായകനെയും (കെ. സുരേന്ദ്രന്‍) സംഘത്തെയും ആളുകള്‍ ഉറ്റു നോക്കാന്‍ തുടങ്ങും. 

നോക്കൂ ഞങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും പരസ്പരം ചതുരംഗം കളിക്കുന്ന, അതിനിടയില്‍ പൌരസമൂഹം ഉണര്‍ന്നിരിക്കുന്ന കേരളം മതി. നേതാക്കള്‍ മിതത്വം പാലിക്കണം. വല്ലാതെയങ്ങ് ആളുകളെ കള്ളന്മാരും കള്ളികളുമാക്കിയാല്‍ കേരളവും കേന്ദ്രം ഭരിക്കുന്നവര്‍ കൊണ്ടുപോകും. അസുഖമല്ല യഥാര്‍തഥ കാരണമെങ്കില്‍ നിങ്ങളിപ്പോള്‍ കളിച്ച കളിയുടെ ആദ്യ ഇരയാണ് കോടിയേരി ബാലകൃഷ്ണന്‍.  

Contact the author

Nikesh Sreedharan

Recent Posts

Views

ഫ്രെഡറിക് എംഗൽസിനെ 200-ാം ജന്മദിനത്തില്‍ അനുസ്മരിക്കുമ്പോള്‍ - കെ ടി കുഞ്ഞിക്കണ്ണൻ

More
More
Views

ഭരണഘടനാദിനം: നഷ്ടപ്പെടുന്ന ബഹുസ്വരതയെകുറിച്ച് ചിന്തിക്കാനുള്ള ദിനം - കെ. ടി. കുഞ്ഞിക്കണ്ണന്‍

More
More
Sunil Kumar 1 week ago
Views

കളരിപ്പയറ്റിലെ ചലനചിന്ത - പി. കെ. സുനില്‍ കുമാര്‍

More
More
Dr. Jayakrishnan 2 weeks ago
Views

കൊവിഡ്-19: പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - ഡോ. ടി. ജയകൃഷ്ണന്‍

More
More
K T Kunjikkannan 2 weeks ago
Views

ചാച്ചാജിയുടെ ഇന്ത്യ ചാച്ചാജിയുടെ കുഞ്ഞുങ്ങൾ - കെ. ടി. കുഞ്ഞിക്കണ്ണൻ

More
More
K T Kunjikkannan 2 weeks ago
Views

കോടതിയ്ക്കറിയുമോ? അര്‍ണബിനെപ്പോലെ സിദ്ദിഖ് കാപ്പനും മാധ്യമപ്രവര്‍ത്തകനാണ് - കെ.ടി. കുഞ്ഞിക്കണ്ണന്‍

More
More