ഭരണഘടനാദിനം: നഷ്ടപ്പെടുന്ന ബഹുസ്വരതയെകുറിച്ച് ചിന്തിക്കാനുള്ള ദിനം - കെ. ടി. കുഞ്ഞിക്കണ്ണന്‍

ഭരണഘടനയെ സംരക്ഷിക്കേണ്ടതിന്റെയും ഭരണഘടനയുടെ മതനിരപേക്ഷ, ഫെഡറൽ ജനാധിപത്യമൂല്യങ്ങൾക്കെതിരായി ഉയർന്നുവരുന്ന ഫാസിസ്റ്റു ഭീഷണികളെ പ്രതിരോധിക്കേണ്ടതിൻ്റെയും സന്ദേശമുണർത്തി കൊണ്ടാണ് നവംബർ 26 കടന്നുപോകുന്നത്. ദേശീയ സ്വാതന്ത്ര്യസമരത്തിൻ്റെ ചരിത്രഗതിയിൽ ഇന്ത്യൻ ജനത രൂപപ്പെടുത്തിയ ആശയങ്ങളുടെയും ആധുനിക രാഷ്ട്ര സങ്കല്പങ്ങളുടെയും ദേശീയരേഖയാണ് നമ്മുടെ ഭരണഘടന. ബ്രിട്ടിഷ്-ഇന്ത്യാ ആക്ടുകൾക്ക് പകരം ഇന്ത്യക്കാർക്ക് അവരുടേതായ നിയമവും അവരുടെ സ്വാതന്ത്ര്യവും പരമാധികാരവും ഉറപ്പുവരുത്തുന്ന ഭരണഘടനയും വേണമെന്ന ആശയം 1930 തുകളിൽ തന്നെ ദേശീയ പ്രസ്ഥാനത്തിൻ്റെ അജണ്ടയിലുയർന്നുവന്നിരുന്നു. അതിനായി ഒരു ഭരണഘടനാ നിർമ്മാണ അസംബ്ലി രൂപീകരിക്കണം എന്ന ആശയം സഖാവ് എം എൻ റോയിയാണ് ഉയർത്തുന്നത്.

1949 നവംബർ 26നാണ് ഭരണഘടനാ നിർമ്മാണസഭ നമ്മുടെ ഭരണഘടനക്ക് അംഗീകാരം നൽകുന്നത്. ഡോ. രാജേന്ദ്രപ്രസാദായിരുന്നു ഭരണഘടനാ നിർമ്മാണസഭയുടെ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ.1946 ഡിസംബർ 9 ന് ചേർന്ന ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യയോഗം ഭരണഘടനാ നിർമ്മാണസഭയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും അതിൻ്റെ അധ്യക്ഷനായി ഡോ: ബി. ആർ. അംബേദ്കറെ തീരുമാനിക്കുകയും ചെയ്തു. ആധുനിക രാഷ്ട്രനിർമ്മിതിക്കാധാരമായ സാമൂഹ്യ രാഷ്ട്രീയദർശനങ്ങളെയും മനുഷ്യരാശിയുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള ചരിത്ര മുന്നേറ്റങ്ങളെയും സംബന്ധിച്ച പാണ്ഡിത്യവും പ്രതിബദ്ധതയുമുള്ള ദേശീയ നേതാവെന്ന നിലയിലാണ് ഗാന്ധിയും നെഹറുവും ദേശീയ സ്വാതന്ത്ര്യസമരധാരയിലെ ഇടതുപക്ഷ നേതാക്കളും അംബേദ്ക്കറാണ് ആ പദവിക്ക് ഏറ്റവും അനുയോജ്യനെന്ന് കരുതിയതും അദ്ദേഹത്തിൻ്റെ പേര് നിർദ്ദേശിച്ചതും. ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തിക ജീവിതത്തെയും പാരമ്പര്യത്തെയും സംബന്ധിച്ച ആഴത്തിലുള്ള അറിവും അംബേദ്ക്കർക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഇന്ത്യയുടെ മധ്യകാല സംസ്കൃതി ശാശ്വതീകരിച്ചെടുത്ത സാമൂഹ്യ സാമ്പത്തിക ഉച്ചനീചത്വങ്ങളുടെതായ മൂല്യവ്യവസ്ഥകളോട് കണക്കുതീർക്കാൻ കഴിയുന്ന, ഒരാധുനിക സാമൂഹ്യനിർമ്മിതിക്കും രാഷ്ട്രനിർമ്മിതിക്കുമാവശ്യമായ മാർഗ്ഗരേഖയെന്ന നിലക്കാണദ്ദേഹം ഭരണഘടനയെ രൂപപ്പെടുത്തിയത്.

ഇന്ത്യയുടെ ബഹുത്വത്തെയും ഭാഷാദേശീയതയെയും ഉൾക്കൊള്ളുന്ന മതനിരപേക്ഷ ഫെഡറൽ തത്വങ്ങളിലധിഷ്ഠിതമായ ജനാധിപത്യ രാഷ്ട്രസങ്കല്പമാണ് ഭരണഘടന മുന്നോട്ടുവെച്ചത്. ബഹുസ്വരതയെ ഉൾക്കൊള്ളുന്ന, എല്ലാവരെയും നിയമമനുസരിച്ച് തുല്യരായി കാണുന്ന പൗരത്വസങ്കല്പം. എന്നാൽ ഭരണഘടനക്ക് അംഗീകാരം നൽകിയ നാളുകളിൽ തന്നെ അബേദറുണ്ടാക്കിയ ഭരണഘടന ഹിന്ദു സംസ്കാരത്തിന് ഉൾക്കൊള്ളാനാവില്ലായെന്ന നിലപാടാണ് ആർ എസ് എസ് എടുത്തത്. 1949 ഡിസംബർ 1ൻ്റ ഓർഗനൈസർ ഭരണഘടനയെ തള്ളുകയും മനുസ്മൃതിയടക്കമുള്ള സ്മൃതിളെയും മറ്റും  അവലംബമാക്കാത്ത ഭരണഘടന അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് എഡിറ്റ് ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു.

 ഹിന്ദുക്കളുടെ ഭരണഘടന ജാത്യാധിഷ്ഠിത ബ്രാഹ്മണ്യത്തെ ധർമ്മസംഹിതയായി സാധൂകരിച്ചു നിർത്തുന്ന മനുസ്മൃതിയാണെന്ന നിലപാടാണ് അന്നും ഇന്നും ആർ എസ് എസിന്. ദേശീയാധികാരം ഉപയോഗിച്ച് അവർ മതാധിഷ്ഠിതമായി പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതും കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും മുസ്ലിം വിവാഹമോചന നിയമത്തിൽ മറ്റു വിഭാഗങ്ങളുടെ വിവാഹ മോചന നിയമങ്ങളിൽ നിന്നും വ്യത്യസ്തമായി ക്രിമിനൽ വ്യവസ്ഥകൾ ചേർത്ത് ഭേദഗതി ചെയ്തതും ഹിന്ദുരാഷ്ട്രം ലക്ഷ്യം വെച്ചുള്ള നീക്കത്തയാണ് കാണിക്കുന്നത്. തൊഴിലാളി നിയമങ്ങളും കർഷക നിയമങ്ങളും രാജ്യത്തിൻ്റെ സ്വാശ്രയത്വം ലക്ഷ്യമായിട്ട് രൂപപ്പെടുത്തിയ വ്യാപാര, നിക്ഷേപ നിയമങ്ങളും കോർപ്പറേറ്റുകൾക്കാവശ്യമായ രീതിയിൽ ദേദഗതി നിയമം കൊണ്ടുവന്ന് ഇന്ത്യയെ അപദേശീയവൽക്കരിക്കുകയും വർഗീയവൽക്കരിക്കുകയുമാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെ ചെറുക്കാന്‍ ഭരണഘടനക്ക് അംഗീകാരം നല്‍കിയ ഈ ദിനവുമായി ബന്ധപ്പെട്ട ചിന്തകള്‍ നമുക്ക് കരുത്തു പകരട്ടെ.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 4 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 4 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 4 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 1 month ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More