മുംബൈ: റേറ്റിംഗ് ഏജന്‍സിക്ക് അര്‍ണബ് ഗോസ്വാമി ലക്ഷങ്ങള്‍ നല്‍കിയെന്ന് പോലീസ്. ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിന്റെ മുന്‍ സിഇഒ പാര്‍ത്ഥോ ദാസ്ഗുപ്തയടക്കം നിരവധി ഉദ്യോഗസ്ഥര്‍ക്ക് റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പണം നല്‍കിയതായി മുംബൈ പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച്ച മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് നോട്ടിലാണ് പോലീസിന്റെ ആരോപണം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ദാസ്ഗുപ്തയാണ് കുറ്റകൃത്യത്തിന്റെ സൂത്രധാരന്‍ എന്നും സാമ്പത്തിക നേട്ടത്തിനായാണ് വ്യൂവര്‍ഷിപ്പ് നമ്പറുകളിലും ഡാറ്റയിലും കൃതൃമം കാണിച്ചതെന്നും പോലീസ് വിശദീകരിച്ചു. ദാസ്ഗുപ്ത തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് റിപബ്ലിക് ഭാരത്, റിപബ്ലിക് ടിവി എന്നിവയുടെ ടിആര്പിയയില് കൃതൃമം കാണിച്ചു. 2013 ജൂണ്‍ മുതല്‍ 2019 വരെ സിഇഒ സ്ഥാനത്തിരുന്ന പാര്‍ത്ഥോ ദാസ്ഗുപ്ത ഗോസ്വാമി നല്കിയ പണമുപയോഗിച്ച് വിലകൂടിയ വസ്തുക്കള്‍ വാങ്ങിയിരുന്നു, അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന റൈയ്ഡില്‍ അവ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് ഒക്ടോബറില്‍ ഹന്‍സ റിസര്‍ച്ച് ഉദ്യോഗസ്ഥന് നിതിന്‍ ദിയോക്കര്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം ആത്മഹത്യപ്രേരണ കുറ്റത്തിന് അര്‍ണബ് ഗോസ്വാമി അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തു.