ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച്ച കശ്മീരിലെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. ശ്രീനഗര്‍ ജമ്മു കശ്മീര്‍ ഹൈവേ അടച്ചിട്ട് നാലു ദിവസം പിന്നിട്ടു. താഴ്വരയെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേയുടെ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ച്ചയായ മഴയ്ക്കും മഞ്ഞുവീഴ്ച്ചയ്ക്കുമിടയില് ദേശീയപാതയില്‍ കുടുങ്ങിയ വാഹനങ്ങളെയും ജനങ്ങളെയും സുരക്ഷിത സ്ഥലങ്ങളിലെത്തിച്ചതായി ജമ്മു കശ്മീര്‍ അധികൃതര്‍ അറിയിച്ചു.
ജവഹര്‍ ടണലിലെ മഞ്ഞുവീഴ്ച്ച മൂലമാണ് ജമ്മു കശ്മീര്‍ ദേശീയപാത അടച്ചിടേണ്ടിവന്നത്. സാമ്രോളി, മഗാര്കോട്ട്, പന്ത്യാല്‍, മരോഗ്, കഫറ്റേരിയ മോര്,ധല്വാസ് തുടങ്ങിയ മേഖലകളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തതായി ജമ്മു കശ്മീര്‍ പോലീസ് ട്വീറ്റ് ചെയ്തു. കനത്ത മഞ്ഞുവീഴ്ച്ച തെക്കന്‍ കശ്മീരിലെ ജനജീവിതത്തെ തടസപ്പെടുത്തി. കുല്‍ഗാം ജില്ലയില്‍ ആറടി ആഴത്തിലാണ് മഞ്ഞുവീഴ്ച്ചയുണ്ടായത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചതോടുകൂടിയാണ് പ്ലസ് വണ്‍ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ച്ചത്. കശ്മീരില്‍ സംസ്ഥാനസര്‍ക്കാര്‍ ഹെല്‍പ്പ്ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച മുതല്‍ കാലാവസ്ഥ മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.