ഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായുളള കേന്ദ്രസര്‍ക്കാരിന്റെ ഒന്‍പതാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വിജ്ഞാന്‍ ഭവനില്‍ വച്ച് നടക്കുന്ന ചര്‍ച്ചയ്ക്ക് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് ടോമറും വ്യാവസായിക മന്ത്രി പീയുഷ് ഗോയലും നേതൃത്വം നല്‍കും.
നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ എട്ടു ചര്‍ച്ചകളിലും പരിഗണിച്ചിരുന്നില്ല. നിയമങ്ങളില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. ഒന്‍പതാം ഘട്ട ചര്‍ച്ചയില്‍ നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ മൗനവൃതം ആചരിച്ചിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കേന്ദ്രം നിലപാടറിയിക്കാതെ സംസാരിക്കില്ല എന്ന തീരുമാനമാണ് കര്‍ഷകരെടുത്തത്. അതേസമയം വിശദമായ ആലോചനകളില്ലാതെ നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്നായിരുന്നു ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രിമാര്‍ അഭിപ്രായപ്പെട്ടത്.