ഡല്‍ഹി: കര്‍ഷകരോടുളള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കാര്‍ഷികനിയമങ്ങളെക്കുറിച്ചുളള നുണകള്‍ ബിജെപിയുടെയും പ്രധാനമന്ത്രിയുടേയും വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്ക് അനുകൂലമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ സംസാരിക്കുന്ന തരത്തിലുളള വീഡിയോ ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വീഡിയോ വ്യാജമാണെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.
നിയമങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് സ്ഥാപിക്കാനായി ഡല്‍ഹി മുഖ്യമന്ത്രിയുടെ എഡിറ്റ് ചെയ്ത വീഡിയോ ബിജെപിക്ക് പോസ്റ്റ് ചെയ്യേണ്ടിവന്നതില്‍ സങ്കടമുണ്ടെന്ന് മനീഷ് സിസോദിയ പരിഹസിച്ചു. ബിജെപിയിലും പ്രധാനമന്ത്രിയിലും പൊതുജനത്തിന് വിശ്വാസമില്ല, നിയമങ്ങളുടെ പ്രയോജനങ്ങള്‍ എത്രയൊക്കെ എന്ന് നരേന്ദ്രമോദി വിശദീകരിച്ചിട്ടും രാജ്യത്തെ ജനങ്ങളോ കര്‍ഷകരോ വിശ്വസിക്കാന്‍ തയാറാവാത്തത് അവരിലുളള വിശ്വാസം നഷ്ടപ്പെട്ടതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലിയിലുണ്ടായ അക്രമം ബിജെപി സംഘടിപ്പിച്ചതാണെന്നും അവ കര്‍ഷകര്‍ക്കുമേല്‍ ചുമത്താന്‍ ശ്രമിക്കുകയാണെന്നും മനീഷ് സിസോഡിയ ആരോപിച്ചു.