രാഹുൽ ഗാന്ധി പങ്കെടുത്ത ഒരു ലൈവ് സംവാദ പരിപാടിയ്ക്കിടെ ഭൂചലനം. സംസാരത്തിനിടെ പ്രകമ്പനം അനുഭവപ്പെട്ട രാഹുൽ ഗാന്ധി, 'ഭൂചലനം ആണെന്ന് തോന്നുന്നു എന്റെ മുറി മുഴുവൻ കുലുങ്ങുന്നു' എന്ന് സാധാരണ പോലെ പറഞ്ഞ് ചിരിച്ചു കൊണ്ട് സംഭാഷണം തുടരുകയായിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് രാജ്യതലസ്ഥാനം ഉൾപ്പെടെ വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. തജകിസ്ഥാനിലുണ്ടായ റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് ഇന്ത്യയുടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടത്. സെക്കൻഡുകൾ നീണ്ട ഭൂചലനം ന്യൂഡൽഹിക്ക് പുറമെ രാജസ്ഥാൻ ജമ്മു കശ്മീരിലെ ശ്രീനഗർ എന്നിവിടങ്ങളിലും അനുഭവപ്പെട്ടിരുന്നു.
ചരിത്രകാരനായ ദിപേഷ് ചക്രവര്‍ത്തിക്കൊപ്പം ചിക്കാഗോ യൂണിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയൻസ് വിദ്യാര്‍ഥികളുമായി ആയിരുന്നു രാഹുലിന്റെ സംവാദം. രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാജസ്ഥാനിലെത്തിയ അദ്ദേഹം ഇവിടെ നിന്നായിരുന്നു ഓൺലൈൻ സംവാദത്തിൽ പങ്കു ചേർന്നത്. ഭൂചലനത്തെക്കുറിച്ച് രാഹുൽ പറയുന്നത് കേട്ട് മറ്റുള്ളവർ അമ്പരക്കുന്നുണ്ടെങ്കിലും കോൺഗ്രസ് നേതാവ് സ്വതസിദ്ധമായ രീതിയിൽ ഒന്നും സംഭാവിക്കാത്തത് പോലെ പരിഭ്രാന്തിയോ ആശങ്കയോ ഇല്ലാതെ ചിരിച്ചുകൊണ്ട് തന്റെ സംസാരം തുടരുകയായിരുന്നു.