ഡല്‍ഹി: താന്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാവുകയാണെന്ന് ബിഗ് ബി. പുതിയ ബ്ലോഗിലൂടെയാണ് അമിതാബ് ബച്ചന് തന്റെ ആരോഗ്യത്തെക്കുറിച്ചുളള അപ്ഡേറ്റുകള് പങ്കുവച്ചത്. മെഡിക്കല്‍ കണ്ടീഷന്‍, സര്‍ജറി... ഒന്നും എഴുതാനാവില്ല എന്നായിരുന്നു ബച്ചന് കുറിച്ചത്. ശസ്ത്രക്രിയയെക്കുറിച്ചുളള മറ്റുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ബച്ചന്റെ കുറിപ്പ് പുറത്തുവന്നതോടെ നിരവധിപേരാണ് അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.
അജയ് ദേവ്ഗണ്, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ക്കൊപ്പം 'മേയ്ഡേ' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു അമിതാബ് ബച്ചന്. ഹൈദരാബാദില്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് ബച്ചന്റെ ആരോഗ്യസ്ഥിതി മോശമായത്. ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം അജയ് ദേവ്ഗണും ബച്ചനും ഒരുമിക്കുന്ന ചിത്രമാണ് മേയ്ഡേ. ആയുഷ്മാന്‍ ഖുറാനയോടൊപ്പമുളള 'ഗുലാബോ സിതാബോ'യാണ് അമിതാബിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം.
മേയ്ഡേക്കുശേഷം വികാസ് ബാലിന്റെ പുതിയ ചിത്രത്തിലായിരുന്നു അദ്ദേഹം അഭിനയിക്കേണ്ടിയിരുന്നത്. എഴുപത്തിയെട്ടു വയസിലും സിനിമയില്‍ സജീവമായ ബച്ചന്റെ ചെഹ്ര, ജുണ്ട് തുടങ്ങിയ ചിത്രങ്ങളാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ബച്ചനും മകന് അഭിഷേക് ബച്ചന്, ഐശ്വര്യാ റായ്, ചെറുമകള്‍ ആരാധ്യ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.