ഡല്‍ഹി: യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുളള ബിജെപി നേതാക്കള്‍ നുണയന്മാരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മീററ്റില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കമുളള ബിജെപി നേതാക്കള്‍ താങ്ങുവില സംബന്ധിച്ച് തെറ്റായ വാദങ്ങളുന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് എവിടെയാണ് എംഎസ്പി നല്‍കിയിട്ടുളളതെന്നും അദ്ദേഹം ചോദിച്ചു. താങ്ങുവില ഉണ്ട് അത് തുടരുമെന്നെല്ലാം ബിജെപി നേതാക്കള്‍ പറയുന്നുണ്ട്, കര്‍ഷകര്‍ക്ക് ഏതെങ്കിലും മണ്ഡിയില്‍ നിന്ന് താങ്ങുവില ലഭിക്കുന്നുണ്ടോ? ബിജെപിക്കാര്‍ രാവും പകലും കളളം പറയുകയാണ്. സര്‍ക്കാര്‍ ശരിയായ രീതിയില്‍ ഇടപെട്ടാല്‍ മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുകയുളളു, നല്ല സര്‍ക്കാരിനെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റ് തിരിച്ച് വീടുകളിലേക്ക് എത്തുന്നതിനു മുന്‍പുതന്നെ അവര്‍ക്കവകാശപ്പെട്ട പണം അക്കൗണ്ടുകളിലെത്തിയിട്ടുണ്ടാവും.ഈ മഹാപ്രക്ഷോഭം വിജയം കാണും, സര്‍ക്കാരിന് കര്‍ഷകന്റെ ആവശ്യത്തിനുമുന്നില്‍ വഴങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.