ഡല്‍ഹി: മിശ്രവിവാഹിതരെ ഭീഷണികളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി മാര്‍ഗരേഖ പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍. വ്യത്യസ്ത ജാതികളില്‍ നിന്നോ മതങ്ങളില്‍ നിന്നോ വിവാഹിതരാവുന്നവര്‍ക്കുനേരേയുണ്ടാവുന്ന ആക്രമണങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനായാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജര്‍ പുറത്തിറക്കിയിട്ടുളളത്. മിശ്രവിവാഹിതരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനായി ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം സെല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ബന്ധുക്കളില്‍ നിന്നോ നാട്ടുകാരില്‍ നിന്നോ എതിര്‍പ്പോ ഭീഷണിയോ നേരിടുന്നവര്‍ക്ക് താമസിക്കാന്‍ സുരക്ഷിത സ്ഥാനങ്ങളും സര്‍ക്കാര്‍ ഒരുക്കി നല്‍കും. നിലവില്‍ ഡല്‍ഹി വനിതാ കമ്മീഷന്റെ വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പറായ '181' ലേക്ക് മിശ്രവിവാഹിതര്‍ക്ക് അവരുടെ പരാതികള്‍ വിളിച്ച് പറയാവുന്നതാണ്. പരാതികള്‍ സ്വീകരിക്കുകയും നിയമപരമായോ മാനസികമായോ വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
പൊലീസ് ഒരുക്കുന്ന സ്ഥലത്തേക്ക് മാറാന്‍ ദമ്പതികള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ അവര്‍ താമസിക്കുന്ന സ്ഥലത്ത് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പുവരുത്തും.