ചെന്നൈ: തമിഴ് കോമഡി താരം വിവേക് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 59 വയസായിരുന്നു. ഇന്നലെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
റണ്‍, സാമി, പേരഴകന്‍, ശിവാജി, അന്യന്, ഖുശി തുടങ്ങു ഇരുന്നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു. മികച്ച ഹാസ്യനടനുളള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരം അഞ്ച് തവണ നേടിയിട്ടുണ്ട്. 2009-ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു. 1980-കളിലാണ് വിവേക് സിനിമാരംഗത്തേക്ക് വരുന്നത്. 1987-ല്‍ പുറത്തിറങ്ങിയ 'മനതില്‍ ഉരുതി വേണ്ടും' ആണ് വിവേകിന്റെ ആദ്യ ചിത്രം. പിന്നീട് 1990-കളില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായി. വെളെളയ്പൂക്കള്, പേരഴകി ഐഎസ്ഒ, ബിഗില്‍, ധാരാള പ്രഭു തുടങ്ങിയവയാണ് അവസാനം അഭിനയിച്ച സിനിമകള്‍.
കഴിഞ്ഞ ദിവസം വിവേക് കൊവിഡ് വാക്സിന് സ്വീകരിച്ചിരുന്നു. വിവേകിന് ഹൃദയാഘാതമുണ്ടായത് കൊവിഡ് വാക്സിന് സ്വീകരിച്ചതുകൊണ്ടാണെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.