ഡല്‍ഹി: കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന തന്റെ എല്ലാ പൊതുപരിപാടികളും റാലികളും മാറ്റിവയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഷ്ട്രീയ നേതാക്കള്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ വലിയ റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് രാഷ്ട്രീയ നേതാക്കള്‍ ആഴത്തില്‍ ചിന്തിക്കണമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പെട്ടെന്നാണ് പശ്ചിമബംഗാളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചത്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസുമുള്‍പ്പെടെയുളള പാര്‍ട്ടികളുടെ നേതാക്കള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് റോഡ് ഷോകളും റാലികളും സംഘടിപ്പിച്ചത്.
24 മണിക്കൂറിനിടെ 6910 പുതിയ കേസുകളാണ് പശ്ചിമബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 26 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ ആകെ കേസുകളുടെ എണ്ണം 6,43,795 ആയി.