തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ഔട്ട് ലെറ്റുകളും അടച്ചു പൂട്ടുമെന്ന് ബിവറേജസ് കോര്പ്പറേഷന് സി എം ഡി യോഗേഷ് കുമാര്‍ ഗുപ്ത അറിയിച്ചു. പകരം മദ്യം ആവശ്യക്കാരുടെ വീട്ടിലെത്തിച്ചു നല്‍കും. ഇതിനുള്ള തീരുമാനം 10 ദിവസത്തിനുള്ളില്‍ കൈക്കൊള്ളുമെന്നും ബിവറേജസ് കോര്പ്പറേഷന് സി എം ഡി പറഞ്ഞു.
പാഴ്സല്‍ എത്തിക്കുന്നതിനെ കുറിച്ചും ഉപഭോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കുന്നതിനെകുറിച്ചും വ്യക്തത വരുത്തി, സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ ബിവറേജസ് കോര്പ്പറേഷന് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ കഴിയൂ. അതിനാലാണ് സമയമെടുക്കുന്നത് എന്നും സി എം ഡി വ്യക്തമാക്കി.
കഴിഞ്ഞ ലോക്ക് ഡൌണ്‍ കാലത്ത് നടപ്പാക്കിയ ബെവ് ക്യൂ സംവിധാനവും വെര്‍ച്വല്‍ ക്യൂവും നടപ്പാകാന്‍ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ ഘട്ടത്തില്‍ ഹോം ഡെലിവെറി തന്നെയാണ് നല്ല മാര്‍ഗ്ഗം എന്നാണ് ലഭിക്കുന്ന നിര്‍ദ്ദേശം. അതിനാലാണ് ആ വഴിയെ കുറിച്ച് ബിവറേജസ് കോര്പ്പറേഷന് ഗൌരവമായി ആലോചിക്കുന്നത്. ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്കുന്ന ഹോം ഡെലിവെറി സര്‍വീസുകളുമായി സഹകരിച്ച് മദ്യം ആവശ്യക്കാരുടെ വീട്ടിലെത്തിച്ചു നല്കാന് കഴിയുമോ എന്നാണ് കോര്പ്പറേഷന് ആലോചിക്കുന്നത് എന്ന് സി എം ഡി യോഗേഷ് കുമാര്‍ ഗുപ്ത പറഞ്ഞു.