കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കാൻ ആഹ്വാനം ചെയ്ത് ഉത്തർ പ്രദേശ് ബിജെപി എംഎൽഎ. ഗോമൂത്രം കുടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് ബിജെപി എംഎൽഎ കൊവിഡ് പ്രതിരോധത്തിന് ആഹ്വാനം ചെയ്തത്. ബലിയ ജില്ലയിലുള്ള ബൈരിയ നിയോജക മണ്ഡലത്തിലെ സുരേന്ദ്ര സിങ്ങാണ് ഗോമൂത്രം കുടിച്ച് അണികൾക്ക് ആവേശമായത്.
ഗോമൂത്രം എങ്ങനെയാണ് കുടിക്കേണ്ടതെന്ന് സുരേന്ദ്ര വീഡിയോയിൽ വിശദീകരിക്കുന്നുമുണ്ട്. രാവിലെ വെറും വയറ്റിൽ രണ്ടോ മൂന്നോ സ്പൂൺ ഗോമൂത്രം വെള്ളം ചേർത്ത് കുടിക്കണം, അരമണിക്കൂർ വേറൊന്നും കഴിക്കരുത്- സുരേന്ദ്ര പറഞ്ഞു. കൊവിഡിനെ ചെറുക്കൻ മാത്രമല്ല ഗോമൂത്രം സർവരോഗസംഹാരിയാണെന്നാണ് സുരേന്ദ്രയുടെ വാദം. ദിവസം മുഴവൻ ഊർജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രമാണെന്നും സുരേന്ദ്ര വെളിപ്പെടുത്തി.
സുരേന്ദ്രയുടെ ഗോമൂത്രപാനം സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. വിഡിയോയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. എന്നാൽ സുരേന്ദ്രക്ക് യാതൊരു കുലുക്കവുമില്ല. വിഡിയോ ലോകം മുഴുവൻ പ്രചിരിപ്പിക്കണമെന്നും എല്ലാവരും കോവിഡിൽനിന്നു മുക്തി നേടണമെന്നുമാണ് ബിജെപി എംഎൽഎ പറയുന്നത്. സുരേന്ദ്രയുടെ ചികിത്സ സംബന്ധിച്ച് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സുരേന്ദ്രയുടെ കണ്ടുപിടുത്തത്തെ ബിജെപി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.