ഡല്‍ഹി: കേന്ദ്രത്തിന്റെ പുതിയ വാക്സിന് നയത്തെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പാക്കിസ്ഥാന് ഇന്ത്യയെ ആക്രമിച്ചാല്‍ ഡല്‍ഹിയും ഉത്തര്പ്രദേശുമുള്പ്പെടെയുളള സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ആയുധങ്ങള്‍ വാങ്ങി അവരെ ചെറുക്കണോ എന്ന് അദ്ദേഹം ചോദിച്ചു. 'സംസ്ഥാനങ്ങള്‍ സ്വന്തമായി വാക്സിന് വാങ്ങണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്റെ അറിവില്‍ ഒരു സംസ്ഥാനവും ഇതുവരെയും അങ്ങനെ പുറത്തുനിന്ന് വാക്സിന് വാങ്ങിയിട്ടില്ല. ഇത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണ്.
സംസ്ഥാനങ്ങള്‍ അവരാല്‍ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. ആഗോള ടെന്‍ഡറുകള്‍ വരെ വിളിച്ചു എന്നാല്‍ വാക്സിന് കമ്പനികള്‍ സംസ്ഥാനങ്ങള്‍ക്ക് നേരില്‍ വാക്സിന് വിതരണം ചെയ്യാന്‍ വിസമ്മതിക്കുകയാണ്. ആലോചിച്ചുനോക്കു, പാക്കിസ്ഥാന് ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാല്‍ കേന്ദ്രം സംസ്ഥാനങ്ങളോട് സ്വയം പ്രതിരോധിക്കാന്‍ പറയുമോ? ഡല്‍ഹി ആണവ ബോംബുകള്‍ വാങ്ങിയോ, ഉത്തര്‍പ്രദേശ് ടാങ്കുകള്‍ വാങ്ങിയോ എന്ന് കേന്ദ്രം ചോദിക്കുമോ' - അരവിന്ദ് കെജ് രിവാള്‍ ചോദിച്ചു.
മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ വാക്സിനുകള്‍ ഇന്ത്യക്കാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. അന്നുമുതല്‍ ഉല്പാദിപ്പിച്ച വാക്സിന് സംഭരിച്ച് വച്ചിരുന്നുവെങ്കില്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇത്രയധികം മരണങ്ങള് സംഭവിക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് വാക്സിന് ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രത്തിനെതിരായ അരവിന്ദ് കെജ്രിവാളിന്റെ വിമര്‍ശനം.