ഡെറാഡൂണ്‍: അടിയന്തിര സാഹചര്യങ്ങളില്‍ അലോപ്പതി (ഇംഗ്ലീഷ് മരുന്നുകള്‍) മരുന്നുകള്‍ രോഗികള്‍ക്ക് കുറിച്ചുനല്‍കാന്‍ ആയുര്‍വേദ ഡോക്ടര്‍മാരെ അനുവദിച്ചുകൊണ്ട് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പ്രഖ്യാപനം. തലസ്ഥാനത്തെ ആയുര്‍വേദ യുണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങിനിടെ സംസ്ഥാന ആരോഗ്യമന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്.
ഉത്തരാഖണ്ഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഈ തീരുമാനം വലിയ പ്രയോജനം ചെയ്യുമെന്ന് ആരോഗ്യമന്ത്രി ഹരക് സിംഗ് റാവത്ത് പറഞ്ഞു. സംസ്ഥാനത്തെ വിദൂര ഗ്രാമപ്രദേശങ്ങളിലും കുന്നിന്‍ചെരുവുകളിലും ജീവിക്കുന്നവര്‍ക്ക് ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നുണ്ട്. സംസ്ഥാനത്ത് എണ്ണൂറോളം വരുന്ന ആയുര്‍വേദ ഡിസ്പെന്‍സറികളും അത്രത്തോളം ഡോക്ടര്‍മാരും നിലവിലുണ്ട്. ഇതില്‍ മഹാഭൂരിപക്ഷവും ഗ്രാമീണ മേഖലയിലായതിനാല്‍ ഗ്രാമീണര്‍ക്ക് അടിയന്തിര അലോപ്പതി വൈദ്യ സഹായം നല്കാന് ഇവര്‍ക്കാകും - ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ ശാസ്ത്രരംഗത്തുള്ളവരും ചികിത്സാ രംഗത്തുള്ളവരും രംഗത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം നിയമവിരുദ്ധാണെന്നും അശാസ്ത്രീയമായ ഈ തീരുമാനം ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഐ എം എ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്നും ഐ എം എ ആവശ്യപ്പെട്ടു.