ഉയരക്കുറവിനെ തുടർന്ന് കൂട്ടുകാരുടെ പരിഹാസം മൂലം കരഞ്ഞ് ലോക ശ്രദ്ധ നേടിയ ക്വാഡൻ ബെയിൽസ് മലയാള സിനിമയിലേക്ക്. ഗിന്നസ് പക്രുവാണ് ക്വാഡനെ വെള്ളിത്തിരയിൽ എത്തിക്കുന്നത്. ജാനകി എന്ന സിനിമയിലാണ് ക്വാഡൻ വേഷമിടുക. ഗിന്നസ് പക്രു തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. കോവിഡ്19 ഭീതി ഒഴിഞ്ഞാൽ ഉടൻ തന്നെ ക്വാഡൻ ഷൂട്ടിംഗിനായി കേരളത്തിലെത്തും. ക്വാഡനെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി പക്രു ഫേസ്ബുക്കിൽ കുറിച്ചു. ജാനകി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിനകം ക്വാഡന്റെ മാതാപിതാക്കളുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ബോഡി ഷെയിമിങ്ങ് ഇതിവൃത്തമാക്കിയാണ് ജാനകി എന്ന ചിത്രം ഒരുക്കുന്നത്.
തന്റെ ശാരീരിക പരിമിതി മൂലം സഹപാഠികളാൽ അപമാനിക്കപ്പെട്ട ക്വാഡൻ കരയുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്വാഡന്റെ അനുഭവും അമ്മതന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. തുടർന്ന് ക്വാഡന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. നിന്നെ പോലെ ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ടനിയാ എന്ന ആശ്വാസ വാചകവുമായി സമൂഹ മാധ്യമങ്ങളിലൂടെ ഗിന്നസ് പക്രുവും ക്വാഡന് പിന്തുണ നൽകിയിരുന്നു. തുടർന്ന് ഗിന്നസ് പക്രുവിന്റെ പിന്തുണക്ക് ക്വാഡൻ നന്ദി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്വാഡന് അഭിനയിക്കാനുള്ള അവസരം പക്രു ഒരുക്കുന്നത്