ലക്നൗ: പൊലീസിനുമുന്നില്‍ വച്ച് ടാക്സി ഡ്രൈവറെ തുരുതുരാ കരണത്തടിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ലക്നൗവിലെ അവാധ് ക്രോസിംഗിലാണ് സംഭവം. യുവാവ് ടാക്സി തന്റെമേല്‍ ഇടിച്ചു എന്നാണ് യുവതി ആരോപിക്കുന്നത്. യുവതി ടാക്സി ഡ്രൈവറെ നിര്‍ത്താതെ പിന്തുടര്ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായതിനുപിന്നാലെ വന്‍ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നത്. യുവതിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുളള #ArrestLucknowGirl എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്. മേഖ് അപ്ഡേറ്റ്സ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിട്ടുളളത്.
വീഡിയോയില്‍ യുവതി ട്രാഫിക് പൊലീസുകാരന് നോക്കിനില്‍ക്കെ ടാക്സി ഡ്രൈവറുടെ കവിളിലും മുഖത്തും ശരീരത്തിലുമെല്ലാം തുരുതുരാ അടിക്കുകയാണ്. പൊലീസുകാരന് യുവതിയോട് അടിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെ യുവതി ടാക്സി ഡ്രൈവറെ നിര്‍ത്താതെ അടിക്കുകയായിരുന്നു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് യുവതി ടാക്സി ഡ്രൈവറെ മര്‍ദ്ദിക്കുന്നതെന്ന് ദൃസാക്ഷികള്‍ പറയുന്നതും വീഡിയോയില്‍ കാണാം.
യുവതി അപമര്യാദയായി പെരുമാറുകയാണ്. അയാളുടെ ഫോണ്‍ അവര്‍ നശിപ്പിച്ചു. ഇത്തരത്തില്‍ ഒരു സ്ത്രീയെയാണ് പൊതുജനമധ്യത്തില്‍ മര്ദ്ദിച്ചിരുന്നതെങ്കില് എന്താവുമായിരുന്നു എന്നെല്ലാം അവിടെ കൂടിയ ആളുകള്‍ പറയുന്നതായും വീഡിയോയില്‍ കാണാം. യുവതിയുടെ ഈ പ്രവൃത്തി മൂലം വന്‍ ഗതാഗത കുരുക്കാണ് ഉണ്ടായത്. വീഡിയോ എടുക്കുന്നത് ശ്രദ്ധിച്ച ടാക്സി ഡ്രൈവര്‍ വനിതാ പൊലീസിനെ വിളിക്കൂ എന്ന് ക്യാമറയ്ക്കുമുന്നില്‍ വന്ന് പറയുന്നതും കാണാം. ടാക്സി ഡ്രൈവറെ രക്ഷിക്കാനെത്തിയയാളെയും യുവതി മര്‍ദ്ദിക്കുന്നുണ്ട്. യുവതിയുടെ ഈ പ്രവര്‍ത്തിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക