ഡല്‍ഹി: രാജ്യത്തെ ഭരണപ്പാര്‍ട്ടിയായ ബിജെപിയുടെ വരുമാനത്തില്‍ ഒറ്റവര്‍ഷം കൊണ്ടാണ് 50.34% വര്‍ദ്ധന കാണിച്ചിരിക്കുന്നത്. ബിജെപിയുടെ 2018 -19 സാമ്പത്തിക വര്‍ഷത്തെ വരുമാനം 2,410 കോടി രൂപയായിരുന്നു. എന്നാല്‍ തൊട്ടടുത്ത സാമ്പത്തിക വര്‍ഷമായ 2019 -20 ല്‍ ഇത് 3,623 കോടി രൂപയായി വര്‍ദ്ധിച്ചു. അസോസിയേഷന് ഫോര്‍ ദി ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന ഡാറ്റ വെച്ച് തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ വരുമാനം കണക്കാക്കിയത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം തുടങ്ങി ദേശീയാംഗീകാരമുള്ള ഏഴ് പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ചത് 1,135 കോടി രൂപയാണ്. എന്നാല്‍ ബിജെപി ഒറ്റയ്ക്ക് നേടിയത് ഇതിന്റെ രണ്ടിരട്ടിയിലധികം തുകയാണ്. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴിയാണ് സംഭാവന പിരിച്ചെടുത്തിരിക്കുന്നത്.
രാജ്യത്തെ ദേശീയാംഗീകാരമുള്ള മിക്ക പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴിതന്നെയാണ് ധനസമാഹരണം നടത്തുന്നത്. പാര്‍ട്ടികള്‍ തങ്ങള്‍ക്ക് പണം സംഭാവനയായി നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല എന്ന വ്യവസ്ഥയുടെ ദുരുപയോഗമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി നടക്കുന്നത്. എന്നാല്‍ സിപിഎം, സിപിഐ തുടങ്ങിയ ഇടതുപക്ഷ പാര്‍ട്ടികളും ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) വരുമാനം കണ്ടെത്തുന്നത് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴിയല്ല. സംഭാവനകളും മറ്റ് രീതികളും ആണ് ഫണ്ട് സമാഹരണത്തിന് ഇത്തരം പാര്‍ട്ടികള്‍ അവലംബിക്കുന്നത് എന്നും അസോസിയേഷന് ഫോര്‍ ദി ഡെമോക്രാറ്റിക് റിഫോംസ് പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2019-20 സാമ്പത്തിക വര്‍ഷത്തില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്. അവര്‍ക്ക് ലഭിച്ചത് വെറും 682 കോടി രൂപയാണ്. എന്നാല്‍ തൊട്ടുമുന്‍വര്‍ഷം അവര്‍ക്ക് ലഭിച്ചത് 918 കോടിയാണ്. ഏകദേശം 25 ശതമാനത്തില്‍ താഴെ വരുമാന നഷ്ടമാണ് പാര്‍ട്ടിക്കുണ്ടായത്. തൃണമുല്‍ കോണ്‍ഗ്രസ്, ബിഎസ്പി, സിപിഐ എന്നീ പാര്‍ട്ടികളുടെയും വരുമാനം 2018 -19 ല്‍ നിന്ന് 2019-20 ലെത്തുമ്പോള്‍ കുറയുകയാണുണ്ടായത്. തൃണമുല്‍ കോണ്‍ഗ്രസിന്റെത് 192 കോടിയില്‍ നിന്ന് 143 കോടിയായും ബിഎസ്പിയുടേത് 69 കോടിയില്‍ നിന്ന് 58 കോടിയായും സിപിഐയുടേത് 7.15 കോടിയില്‍ നിന്ന് 6.58 കോടിയായും കുറഞ്ഞു. ഈ കാലയളവില്‍ ചെറുകിട പാര്‍ട്ടികളില്‍ വരുമാനം കൂടിയത് സിപിഎമ്മിനും എന്‍സിപിക്കുമാണ് 2018 -19 ല്‍ സിപിഎമ്മിന് 100 കോടിയോളം രൂപ ലഭിച്ചപ്പോള്‍ 2019-20 ലത് 158 രൂപയായി വര്‍ദ്ധിച്ചു. എന്‍സിപിയുടെ വരുമാനം 50 കോടിയില്‍ നിന്ന് 85 കോടി രൂപയായി വര്‍ദ്ധിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി സ്വീകരിക്കുന്ന പണം സുതാര്യമല്ല എന്ന അഭിപ്രായം രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടയില്‍ത്തന്നെ ശക്തമാണ്. ഇത് സംബന്ധമായ വ്യവഹാരവും കോടതിയില്‍ നിലവിലുണ്ട്.