കൊച്ചി: ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാന്‍ അവകാശമുണ്ടെന്ന് കേരളാ ഹൈക്കോടതി. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. 31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ എറണാകുളം സ്വദേശിനി നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുണ്ടെന്ന് കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്. എന്നാല്‍ ജനിക്കാനിരിക്കുന്ന കുട്ടിക്ക് ഈ ലോകത്ത് ജീവിക്കാന്‍ അവകാശമുണ്ടെന്നും അതിനുള്ള സാഹചര്യമൊരുക്കേണ്ടത് മാതാപിതാക്കളാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഗര്‍ഭസ്ഥ ശിശുവിന് അവകാശങ്ങളുണ്ട്. അതിന് ഭരണഘടന നിയമ പരിരക്ഷ നല്‍കുന്നുണ്ടെന്നും ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ വിധിയില്‍ വ്യക്തമാക്കി. നവജാത ശിശുവും ഗര്‍ഭസ്ഥ ശിശുവും ഒരു പോലെയാണ്. 20 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് നിയമത്തിന്റെ അംഗീകാരമുള്ളത്. 24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് നടപടി തുടങ്ങിയെങ്കിലും ഇത് വിജ്ഞാപനം ചെയ്തിട്ടില്ലെന്നും ഹൈക്കോടതികൂട്ടിച്ചേര്ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഗര്‍ഭം അലസിപ്പിക്കുവാന്‍ ആദ്യം ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും നിയമപ്രകാരമുള്ള ആഴ്ച പിന്നിട്ടതിനാല്‍ ഡോക്ടര്‍സ് ആവശ്യം നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരിയുടെ ആവശ്യം പരിഗണിക്കാന്‍ കോടതി മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കിയിരുന്നു. കുഞ്ഞിന് വൈകല്യമുണ്ട്. ഗുരുതരമായ വൈകല്യമല്ലെന്നും അമ്മയുടെ ജീവനു ഭീഷണിയുണ്ടാകില്ലെന്നുമുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.