മുംബൈ: കൊറോണ വ്യാപനത്തോടെ മാസ്ക്കുകള്‍ക്കായി ജനം നെട്ടോട്ടമോടുന്നതിനിടെ കരിഞ്ചന്തയില്‍ വില്ക്കാന് പൂഴ്ത്തിവെച്ച ഒരുകോടി രൂപയുടെ മാസ്ക്കുകള്‍ മുംബൈയില്‍ പിടികൂടി. മുംബൈ സഹര്‍ പോലീസാണ് നാല്പത് ലക്ഷത്തോളം വരുന്ന മാസ്ക്കുകള്‍ അടങ്ങിയ ഇരുനൂറ് പെട്ടികള്‍ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ ലഭിച്ച വിവരമനുസരിച്ച് നടത്തിയ തെരച്ചിലില്‍ സാധനങ്ങള്‍ ദീര്‍ഘ ദൂര സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്ന ചരക്ക് ഗോഡൌണില്‍ നിന്ന് മാസ്ക്കുകളുടെ ഈ വലിയ ശേഖരം പിടികൂടിയത്.
സാധനം കസ്റ്റഡിയില്‍ എടുത്ത പൊലിസ് സംഭവവുമായി ബന്ധപ്പെട്ട ഡീലര്‍മാര്‍, ട്രാന്‍സ്പോര്‍ട്ട് ഉടമ, സ്റ്റോക്കിസ്റ്റ് എന്നിവരുടെ പേരില്‍ കേസെടുത്തു. ഇത് രണ്ടാം തവണയാണ് മുംബൈയില്‍ മാസ്ക്കുകളുടെ ഇത്ര വലിയ ശേഖരം പോലിസ് പിടികൂടുന്നത്.