ജാതിവാഴ്ച്ചയുടെ അക്കാദമിക ഇടങ്ങൾ- ഡോ. കെ എസ് മാധവന്‍

നമ്മുടെ സർവ്വകലാശാലകൾ സാമൂഹിക നീതിയുടെയും മാനവിക, ജനാധിപത്യ, സമഭാവനയുടെ മൂല്യങ്ങളും ഉൾക്കൊണ്ടുകൊണ്ട് പരിഷ്ക്കരിക്കപ്പെടാത്ത കാലത്തോളം ജാതി, മതം, ആണഹന്ത, കക്ഷിഭേദങ്ങൾ തുടങ്ങിയ വിഭാഗിയ ചിന്തകളാൽ നയിക്കപ്പെടുന്ന ഇടങ്ങളായി തുടരും. ഇതിൻ്റെ ഉദാഹരണമാണ് ദീപ. പി. മോഹനൻ എന്ന ഗവേഷക വിദ്യാർത്ഥിയുടെ അനുഭവം.

കേരളത്തിലെ മഹാത്മാ ഗാന്ധിയുടെ പേരിലുള്ള ഒരു സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായ ദീപ, കഴിഞ്ഞ പത്തുവർഷമായി തൻ്റെ ഗവേഷണ സ്ഥാപനത്തിലെ അധികാരികളിൽനിന്നും കടുത്ത ജാതിവിവേചനത്തിനും അധികാര ഹിംസയ്ക്കും ഇരയാക്കപ്പെട്ടിരിക്കുന്നു. കോടതിയും പട്ടികജാതി/പട്ടികവർഗ്ഗ കമ്മീഷനും ഈ വിവേചനത്തിനും അനീതിക്കും പരിഹാരം ഉണ്ടാക്കണമെന്ന് സർവ്വകലാശാലയോട് ആവശ്യപ്പെട്ടിട്ട് നാളുകളേറെയായി. എന്നാൽ ബന്ധപ്പെട്ടവരുടെ പക്ഷത്തുനിന്നും വ്യവസ്ഥാപിതവും നീതിയുക്തവുമായ ഒരു പരിഹാരവും ഉണ്ടായില്ല, എന്നു മാത്രമല്ല വിവേചനം തുടരുന്ന സമീപനമാണ് ഉണ്ടായത്. ഇതുമൂലം ദീപയ്ക്ക് നീതിക്കായി നിരാഹാര സമരം നടത്തേണ്ട അവസ്ഥയാണുള്ളത്. സർവ്വകലാശാലകൾ സാമൂഹത്തിലെ അധികാര ബന്ധങ്ങളുടെ പരിഛേദം കൂടിയാണ്, ജാതി- ലിംഗഭേദങ്ങൾ അധികാര ബദ്ധ ഹിംസാരൂപങ്ങള്‍ എന്ന നിലയില്‍ അക്കാദമിക ഇടങ്ങളെ നിയന്ത്രിക്കുന്ന സ്ഥിതി പുതിയതല്ല. എന്നാൽ ഈ വിവേചന ഹിംസകൾക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങളും സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കാത്ത വിധമുള്ള മുൻവിധികളും വരേണ്യതയും നമ്മുടെ സർവ്വകലാശാലകളിൽ പിടിമുറിക്കിയിരിക്കുന്നു. ആധുനിക വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്കനുസൃതമായി ജ്ഞാനോൽപാദന വിനിമയ പ്രക്രിയകൾ നടത്തേണ്ട സ്ഥാപനങ്ങളാണ്. വളരെ ബോധപൂർവ്വമായിത്തന്നെ സാമൂഹിക തുല്യതയുടെ മൂല്യങ്ങൾ വിദ്യാഭ്യാസ മൂല്യങ്ങളായി നിലനിർത്തേണ്ട സ്ഥാപനങ്ങളാണ് സർവ്വകലാശാലകൾ. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ പെടുന്ന വിദ്യാർത്ഥികളേയും സ്ത്രീകളേയും തുല്യതയും സാമൂഹിക നീതിയും ഉൾക്കൊള്ളൽ രീതികളും ഉള്‍ക്കൊള്ളുന്ന ദൈനംദിന നടപടികളിലൂടെ ചേര്‍ത്തുപിടിക്കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് വിവേചനമില്ലാത്തതും അവസരസമത്വം ഉറപ്പാക്കുന്നതുമായ വിദ്യാഭ്യാസം നല്‍കാന്‍ കഴിയു.

ഈ പുറന്തള്ളല്‍ രീതിതന്നെയാണ് രോഹിത് വെമുലക്ക് ജീവത്യാഗത്തില്‍ കലാശിച്ചത് 

ജാതി- ലിംഗ വിവേചന രഹിതമായ കാമ്പസ്സിനും തുല്യതയുള്ള ഗവേഷണ പഠനത്തിനുമായി ഉപവാസ സമരം നടത്തേണ്ട  അവസ്ഥയിലേക്ക് ദീപയെ എത്തിച്ചത് സർവ്വകലാശാലയുടെ സാമൂഹിക നീതിക്കും മാനവീക മൂല്യങ്ങൾക്കും നിരക്കാത്ത സമീപനങ്ങളാണ് എന്നാണ് വെളിപ്പെടുന്നത്. ഭരണഘടനയും നിയമവാഴ്ചയും, ജാതിവിവേചനം നിയമം മൂലം നിരോധിച്ച , തുല്യ പൗരത്വം ഉറപ്പാക്കുന്ന ഭരണഘടന അവകാശവും, പാർലമെൻ്റിൽ പാസാക്കിയ പട്ടികജാതി/പട്ടി വർഗ്ഗ അതിക്രമ നിരോധന നിയമവും ഉള്ള നമ്മുടെ രാജ്യത്ത്; സർവ്വകലാശാലയിൽ ജ്ഞാനോൽപ്പാദന പ്രക്രിയയിൽ ഏർപ്പെടുന്ന മിടുക്കിയായ ഒരു വിദ്യാർത്ഥിക്ക്  ജാതിയുടെ പേരിൽ അനുഭവിക്കേണ്ടി വന്ന വിവേചനത്തെപ്പറ്റി സംസ്ഥാന പട്ടികജാതി/വർഗ്ഗ കമ്മീഷൻ്റെ ഉത്തരവിൽ തന്നെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ദീപയുടെ ഈ അനുഭവം ഇന്ത്യൻ സർവ്വകലാശാലകളിൽ നിലനിൽക്കുന്ന  ജാതിവിവേചനത്തിൻ്റെയും സാമൂഹികമായ പുറന്തള്ളലിൻ്റെയും സ്വഭാവത്തെയാണ് കാണിക്കുന്നത്. ഇതേ അനുഭവത്തിൻ്റെ പേരിലാണ് രോഹിത് വെമുലക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നത്.

ദീപയുടെ സമരത്തെ പിന്തുണക്കണം. എന്തുകൊണ്ട്?

സ്ഥാപനപരമായ വിവേചനവും പുറന്തള്ളലും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു. അക്കാദമിക ഹിംസകളും ജാതി, ലിംഗ മുൻവിധികളാലുള്ള വിവേചനങ്ങളും ദിനേന സംഭവിച്ചുകൊണ്ടിരിക്കുന്നു. ജാതി മുൻവിധിയും ലിംഗവിവേചനവും ലൈംഗീക അതിക്രമ വാസനയും പെരുകുന്ന ഇടങ്ങളായി സർവ്വകലാശാലകൾ മാറുന്നതിൻ്റെ കാരണം, സമൂഹത്തിൻ്റെ വിവേചന മനസ്ഥിതി അക്കാദമിക ഇടങ്ങളിൽ സ്ഥാപനപരമായി ജാതി ലിംഗവിവേചന അധികാരമായി പ്രവർത്തിക്കുന്നതാണ്. ദലിതരെയും ആദിവാസികളെയും  പൗരത്വാവകാശങ്ങൾ ഉള്ളവരായി കാണാൻ കഴിയാത്ത വിധം സ്ഥാപനവൽക്കരിക്കപ്പെട്ട സാമൂഹിക വിവേചനബോധവും ഉൾക്കൊള്ളൽ കാഴ്ച്ചപ്പാടുമില്ലാത്ത സംവിധാനങ്ങളും സർവ്വകലാശാലകളിൽ ഗവേഷണ പ്രക്രിയകളെ നിയന്ത്രിക്കുന്ന സാമൂഹിക ശക്തികളായി പ്രവർത്തിക്കുന്നു. യു ആർ അനന്തമൂർത്തിയെ പോലെയുള്ള ചിന്തകരും ഉൾകൊള്ളൽ മൂല്യങ്ങൾ ഉള്ള അക്കാദമിക്കുകളും നിർമ്മിച്ചെടുത്ത ഒരു സർവ്വകലാശാലയെ ജാതി മേലാളരുടെയും സാമൂഹിക നീതിക്ക് എതിരായി നില്ക്കുന്നവരുടെയും സ്ഥാപിത താല്പര്യങ്ങൾ നടപ്പാക്കാൻ അനുവദിക്കുക എന്നാൽ മധ്യകാല ജാതിവരേണ്യ മൂല്യങ്ങളിൽ വിദ്യാഭ്യാസ സംവിധാനത്തെ നിലനിർത്തുക എന്നതുതന്നെയാണ്.  ജാതിവാദികളിൽ നിന്ന് അക്കാദമിക ഇടങ്ങളെ വിമുക്തമാക്കുന്നതിന് സാമൂഹിക ജാഗ്രത ഉണ്ടാകുക എന്നത് ഒരു സിവിൽ സമൂഹത്തിൻ്റെ നിലനിൽപിനും ജനാധിപത്യ സമൂഹത്തിൻ്റെ തുടർച്ചയ്ക്കും ആവശ്യമാണ്.  ദീപയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ദീപയോടൊപ്പം നില്ക്കുക എന്നത് ഉൾക്കൊള്ളൽ വിദ്യാഭ്യാസവും സാമൂഹിക നീതിയും നില നിർത്തുന്നതിനും പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More