ഒരു സ്ത്രീയുടെ സമരം ചെറുതായിക്കണ്ട് മറ്റൊരു സ്ത്രീയുടെ സഹനം വാഴ്ത്തുന്നത് പരമ ബോറാണ്: എസ് ശാരദക്കുട്ടി

ഒരു സ്ത്രീയുടെ സമരത്തെ ചെറുതായിക്കണ്ട് മറ്റൊരു സ്ത്രീയുടെ സഹനത്തെ വാഴ്ത്തുന്നത് പരമ ബോറും ലജ്ജയില്ലാത്ത ഇരട്ടത്താപ്പുമാണെന്ന് എഴുത്തുകാരി എസ്. ശാരദക്കുട്ടി. കുട്ടിക്കടത്തു വിവാദത്തില്‍ കുഞ്ഞിന്‍റെ അമ്മ അനുപമയെ അപമാനിച്ചും ദത്തെടുത്ത സ്ത്രീയെ മഹത്വവല്‍ക്കരിച്ചും സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരണമാണ് നടക്കുന്നത്. നീതിനിഷേധത്തിന് കൂട്ടുനിന്നവർക്കെതിരെ തീരുമാനങ്ങൾ വളരെ വേഗത്തിൽ ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, ഞാൻ കൂടിയാഗ്രഹിച്ച് അധികാരത്തിലേറിയ ഒരു മന്ത്രിസഭ നീതിനിഷേധത്തിന് കൂട്ടുനിൽക്കുന്നു എന്ന തോന്നൽ ചെറുതല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും ശാരദക്കുട്ടി പറയുന്നു.

എസ്. ശാരദക്കുട്ടിയുടെ വാക്കുകള്‍:

പെറ്റമ്മ, പോറ്റമ്മ തുടങ്ങിയ വൈകാരിക കൽപനകൾ എന്നെ  അലട്ടുന്നതേയില്ല. അതേ ചുറ്റിപ്പറ്റി ഉണ്ടാകുന്ന വികാരവിക്ഷോഭങ്ങൾ ഒരു വലിയ കള്ളമാണെന്ന്, വലിയ ചതിക്കുഴിയാണെന്ന്, വെറും നാട്യങ്ങളാണെന്ന് ഇന്നുവരെയുള്ള സാമൂഹികാനുഭവങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. സ്ത്രീയോട് നിർണ്ണായകഘട്ടങ്ങളിലെല്ലാം നിന്ദ്യമായി മാത്രം പെരുമാറുവാൻ ശീലിച്ച ആൺ പെണ്ണടക്കമുള്ള സമൂഹത്തിന്റെ പച്ചക്കള്ളങ്ങൾ. പുറംപൂച്ചുകൾ.

ഭാര്യയുടെയും  മകളുടെയും സ്വാതന്ത്ര്യാഭിലാഷങ്ങൾക്കു നേരെ പല്ലുകടിച്ച് കയ്യോങ്ങി മൂച്ചു കാണിക്കുന്ന ആണുങ്ങൾ തന്നെ അനുപമയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുന്നതും അത്തരമാണുങ്ങളുടെ അടിമപ്പണി ചെയ്യുന്നത് സദാചാരമാണെന്നു കരുതുന്ന പെണ്ണുങ്ങൾ അനുപമയുടെ സദാചാരത്തിലുത്കണ്ഠപ്പെടുന്നതും അമ്മയുടെ ലൈംഗികാവയവങ്ങളെ കുറിച്ചുള്ള തെറികൾ പറഞ്ഞ് കൊണ്ടു തന്നെ കുലീനതാപക്ഷത്തു നിൽക്കുന്നതും ഒരു സ്ത്രീയുടെ സമരം ചെറുതായിക്കണ്ട് മറ്റൊരു സ്ത്രീയുടെ സഹനം വാഴ്ത്തുന്നതെല്ലാം ഒരേ പോലെ പരമ ബോറായ നാട്യങ്ങളാണ്. ലജ്ജയില്ലാത്ത ഇരട്ടത്താപ്പാണ്. 

എനിക്ക് വേദന അതല്ല. എളുതായെങ്കിലും ഞാൻ കൂടി പരിശ്രമിച്ചിട്ടുണ്ട് പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകാൻ വേണ്ടി. അതുകൊണ്ടു തന്നെ, നീതിനിഷേധത്തിന് കൂട്ടുനിന്നവർക്കെതിരെ തീരുമാനങ്ങൾ വളരെ വേഗത്തിൽ ഉണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നു. ആരുടെയായാലും അവിഹിതമോ, പരപുരുഷബന്ധമോ, കന്യകാഗർഭമോ എന്നെ അലട്ടുന്നില്ല. ഒരു പിഞ്ചുകുഞ്ഞിനെയും രണ്ടു സ്ത്രീകളെയും വെച്ചുള്ള വൈകാരിക ചൂഷണത്തെ കുറിച്ചു വായിച്ചു രസിക്കാനും കണ്ണുനീരൊഴുക്കാനും തീരെ താത്പര്യവുമില്ല.

പക്ഷേ ഞാൻ കൂടിയാഗ്രഹിച്ച് അധികാരത്തിലേറിയ ഒരു മന്ത്രിസഭ നീതിനിഷേധത്തിന് കൂട്ടുനിൽക്കുന്നു എന്ന തോന്നൽ ചെറുതല്ലാതെ വേദനിപ്പിക്കുന്നുണ്ട്. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. കുടയുന്തോറും മുറുകുന്ന ഒരു കുരുക്കാണിത്. വിശ്വാസ്യത നഷ്ടപ്പെടാതെ സർക്കാർ സംവിധാനങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. അവിടങ്ങളിൽ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കേണ്ടതുണ്ട്. ഒട്ടും വൈകിക്കൂടാ. 

ഇടതുപക്ഷത്തിനെതിരെ അനുപമയെ ആയുധമാക്കുന്നു എന്ന ന്യായവാദവുമായി വരുന്നതിനു പകരം സർക്കാരിന് നീതിയുടെ പക്ഷത്തു നിന്നുകൊണ്ട് സത്യത്തിനനുകൂലമായി നടപടികൾ ഉറപ്പിക്കാനുള്ള ധാർമ്മിക പിന്തുണ നൽകുകയാണ് ഇടതുപക്ഷ പ്രവർത്തകർ ചെയ്യേണ്ടത് എന്നു തോന്നുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 18 hours ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 18 hours ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 18 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 2 days ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 2 days ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More