ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലി നടക്കുന്ന സ്ഥലത്തേക്ക് നൂറുകണക്കിന് കന്നുകാലികളെ അഴിച്ചുവിട്ട് കര്‍ഷകരുടെ പ്രതിഷേധം. ലക്നൗവിന് സമീപം ബാരാബങ്കിലെ കര്‍ഷകരാണ് റാലി നടക്കുന്നതിന് തൊട്ടുമുന്‍പ് അവിടേക്ക് അലഞ്ഞുതിരിഞ്ഞുനടക്കുന്ന പശുക്കളെ അഴിച്ചുവിട്ടത്. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന പശുക്കളുടെ പ്രശ്നത്തിന് പരിഹാരം കാണാത്തതിനെതിരെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.
'യോഗി ആദിത്യനാഥിന്റെ റാലിക്കുമുന്പേ തെരുവില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ വേദിയിലേക്ക് തുറന്നുവിട്ടു. തെരുവിലുളള പശുക്കളെ കൈകാര്യം ചെയ്യാന്‍ കര്‍ഷകര്‍ക്ക് ഇതല്ലാതെ വേറേ വഴിയില്ല' എന്നാണ് കര്‍ഷക നേതാവ് രമണ്‍ദീപ് സിംഗ് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ചിട്ടും ബിജെപി സര്‍ക്കാരിന് ഇതിനൊരു പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല ബാരാബങ്കിലെ പരിപാടിക്കുമുന്‍പ് അവര്‍ എന്ത് പരിഹാരമാണ് കാണുന്നതെന്ന് കര്‍ഷകര്‍ കാണട്ടെ'-എന്നും രമണ്‍ദീപ് ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
യുപിയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞ വീഡിയോയാണ് യോഗി ആദിത്യനാഥ് ഇതിനുമറുപടിയായി പോസ്റ്റ് ചെയ്തത്. അലഞ്ഞിതിരയുന്ന മൃഗങ്ങള്മൂലം നിങ്ങള്‍ക്കുണ്ടാവുന്ന പ്രശ്നത്തിന് മാര്‍ച്ച് പത്തിനുശേഷം അറുതിയുണ്ടാവും. പാല് നല്‍കാത്ത മൃഗത്തിന്റെ ചാണകത്തില്‍നിന്ന് നിങ്ങള്‍ക്ക് വരുമാനം ലഭിക്കുന്ന സംവിധാനമുണ്ടാക്കും'- എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യുപിയില്‍ അലഞ്ഞുതിരിയുന്ന പശുക്കളുടെ എണ്ണം ബിജെപി പ്രവര്‍ത്തകരേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ്. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് അവര്‍ പറയുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ തന്നെ ഇത് കേട്ട് ഞെട്ടിയിരിക്കുകയാണ് എന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.