ഡല്‍ഹി: ഇന്ത്യയില്‍ ഇപ്പോള്‍ മുസ്ലീമിന്റെ ജീവനേക്കാള്‍ പശുവിന്റെ ജീവനാണ് പ്രാധാന്യമെന്ന് എഴുത്തുകാരനും അക്കാദമിക് പ്രൊഫസറുമായ അശോക് സ്വെയ്ന്. ഉത്തര്‍പ്രദേശില്‍ പശുക്കടത്ത് ആരോപിച്ച് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ഇന്ത്യയില്‍ പശുക്കളുടെ ജീവനാണ് മുസ്ലീം ജനതയുടെ ജീവനേക്കാള്‍ പ്രാധാന്യം. യുപിയില്‍ ബീഫ് കടത്തിയെന്നാരോപിച്ച് ഒരു മുസ്ലീം ഡ്രൈവറെ തീവ്ര ഹിന്ദുത്വവാദികളായ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുന്നു'-അശോക് സ്വെയ്ന് ട്വീറ്റ് ചെയ്തു. യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ മഥുരയിലാണ് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മുസ്ലീം യുവാവിനെ മര്‍ദ്ദിച്ചത്. മൃഗങ്ങളുടെ ശരീരമുള്പ്പെടെയുളള മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന വണ്ടിയുടെ ഡ്രൈവറായ അമീറിനെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമിച്ചത്. ഗോമാംസവില്പ്പനയും പശുക്കടത്തും ആരോപിച്ചാണ് സംഘം അദ്ദേഹത്തെ മര്‍ദ്ദിച്ചത്. ആള്‍ക്കൂട്ടം അമീറിനെ മര്‍ദ്ദിക്കുകയും ബെല്‍റ്റ് കൊണ്ട് അടിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. തുടര്‍ന്ന് യുവാവിനെ ആക്രമിച്ചവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തു. അമീറിനെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഗ്രാമത്തിലെ ശുചീകരണ ഡ്രൈവിന്റെ ഭാഗമായി മൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കംചെയ്യാനായി ഉപയോഗിച്ച വാഹനമാണ് അമീറിന്റേതെന്ന് പൊലീസ് കണ്ടെത്തി. മാലിന്യങ്ങള്‍ നീക്കം ചെയ്യാനുളള പഞ്ചായത്തിന്റെ ലൈസന്‍സ് അമീറിനുണ്ട്. വാഹനത്തിനകത്ത് ഗോമാംസം ഉണ്ടായിരുന്നില്ല എന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് മഥുര പൊലീസ് സൂപ്രണ്ട് മാര്ത്താനന്ദ് പ്രകാശ് സിംഗ് പറഞ്ഞു.