കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കെ വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായിട്ടാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തോമസിനെ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയാല്‍ സിപിഎം സംരക്ഷിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ മറുപടി പറയേണ്ടതില്ലെന്നും യെച്ചൂരി പറഞ്ഞു. ബിജെപിക്കെതിരെ രൂപീകരിക്കുന്ന മതേതര മുന്നണിയില്‍ ഭാഗമാകണോ എന്ന കാര്യം കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. ഫാസിസ്റ്റ് ശക്തികളുടെ കയ്യില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും യെച്ചൂരി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്നലെ കണ്ണൂരില്‍ എത്തിയിരുന്നു. ചുവന്ന ഷാള്‍ അണിയിച്ചാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും കെ വി തോമസിനെ സ്വീകരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണാറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമൊപ്പമാണ് കെ വി തോമസ് വേദി പങ്കിടുക. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധമെന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം, കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോകില്ലെന്ന് പറയുമ്പോഴും തനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാര്‍ വേദിയില്‍ തുറന്ന് സംസാരിക്കുമെന്നാണ് കെ വി തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.