അമൃത്സര്‍: പഞ്ചാബില്‍ ജൂലൈ മുതല്‍ എല്ലാവര്ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് ആം ആദ്മി സര്‍ക്കാര്‍. പദ്ധതി ഏത് രീതിയിലാണ് നടപ്പിലാക്കുകയെന്നത് വരും ദിവസങ്ങളില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് വിശദീകരിക്കും. 300 യൂണിറ്റ് വരെ എല്ലാ വീടുകള്‍ക്കും സൗജന്യ വൈദ്യുതി നൽകുമെന്നത് ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. നിലവില്‍ പഞ്ചാബില്‍ കാര്‍ഷിക മേഖലക്ക് വൈദ്യുതി സൗജന്യമാണ്. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിനും ദാരിദ്ര രേഖക്ക് താഴെയുള്ള ആളുകള്‍ക്കും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പഞ്ചാബിലെ എല്ലാ ജനങ്ങളിലേക്കും തങ്ങള്‍ക്ക് എത്താന്‍ സാധിച്ചു. വൈദ്യുതി സൗജന്യമായി നല്‍കുന്നതിന് വേണ്ട തുക കണ്ടെത്താന്‍ സാധിച്ചു. അതില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ വളരെ സന്തോഷത്തിലാണ്. പഞ്ചാബില്‍ ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നിട്ടും സംസ്ഥാനം ഇരുട്ടിലാണ്. ഇതിനൊരു പരിഹാരം കാണാനാണ് ആം ആദ്മി സര്‍ക്കാര്‍ ശ്രമിക്കുന്നത് -എ. എ. പി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പോലീസ് വകുപ്പിലടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 25,000 ലധികം പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നായിരുന്നു ഭഗവന്ത് മന് സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനം.