പത്തനംതിട്ട: ഡി വൈ എഫ് ഐയുടെ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ 100 രൂപ പിഴയടക്കണമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട ചിറ്റാറിലെ സി ഡി എസ് ചെയര്പേര്സനാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് വാട്സാപ്പ് സന്ദേശമയച്ചത്. ചിറ്റാറില്‍ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ 'ലിംഗപദവിയും ആധുനിക സമൂഹ'വുമെന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. സിപിഎം നേതാവും കേന്ദ്രകമ്മറ്റിയംഗവുമായ പി കെ ശ്രീമതിയാണ് സെമിനാറിലെ പ്രധാന അഥിതി. ഈ സെമിനാറിലാണ് കുടുംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്നും അറിയിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചക്ക് ചിറ്റാര്‍ ടൌണ്‍ ഹാളില്‍ വെച്ച് നടക്കുന്ന സെമിനാറില്‍ ഒരു കുടുംബശ്രീയില്‍ നിന്നും അഞ്ച് പേര് വെച്ച് പങ്കെടുക്കണം. സെമിനാറില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ സെറ്റ് സാരിയും മെറൂണ്‍ ബ്ലൗസും ധരിക്കണം. കുടുംബശ്രീയില്‍ നിന്നും ആരും പങ്കെടുത്തില്ലെങ്കില്‍ 100 രൂപ പിഴയടക്കണമെന്നാണ് ചിറ്റൂര്‍ സി ഡി എസ് അയച്ച ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ കീഴിലല്ല. അതോടൊപ്പം, കുടുംബശ്രീ അംഗങ്ങള്‍ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവരും പ്രവർത്തിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു സന്ദേശത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, കുടുംബശ്രീ അംഗങ്ങള്‍ സെമിനാറില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ ഡി വൈ എഫ് ഐ രംഗത്തെത്തി. പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പുറമേ നിന്നും ആളുകളെ നിര്‍ബന്ധമായി കൊണ്ടുവരേണ്ടതില്ല. പി കെ ശ്രീമതി നയിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ നിരവധി ഡി വൈ എഫ് ഐ പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരുമുണ്ട്. അതുകൊണ്ട് തന്നെ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്കാന് തങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഡി വൈ എഫ് ഐ അറിയിച്ചു.