കൊല്ലം: അഞ്ചലില്‍ കാണാതായ രണ്ടുവയസുകാരനെ കണ്ടെത്തി. വീടിനടുത്തുളള റബ്ബര്തോട്ടത്തില്നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ പുനലൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പന്ത്രണ്ട് മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് തടിക്കാട് സ്വദേശികളായ അന്‍സാരി-ഫാത്തിമ ദമ്പതികളുടെ മകനായ ഫര്‍ഹാനെ കാണാതായത്. മുറ്റത്തുകളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. കുഞ്ഞിന്റെ കരച്ചില് കേട്ടിരുന്നു എന്ന് മാതാവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കുഞ്ഞിനെ കാണാതായതിനുപിന്നാലെ പ്രദേശത്തെ കിണറുകളും പറമ്പുകളും റബ്ബര്‍തോട്ടങ്ങളും കേന്ദ്രീകരിച്ച് ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയര്ഫോഴ്സുമുള്പ്പെടെയുളളവര് പരിശോധന നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പ്രദേശത്ത് രാത്രി ശക്തമായ മഴ പെയ്തതോടെ ഒരുമണിക്ക് പരിശോധന നിര്‍ത്തിവെച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ തിരച്ചില്‍ പുനരാരംഭിച്ചു. ഏഴരയോടെയാണ് പ്രദേശത്തെ റബ്ബര്തോട്ടത്തിനുളളില്നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.