നിയമസഭാ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനവുമായി ഡോ ആസാദ്. നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഈ സെന്‍സറിംഗ് ജനാധിപത്യ വിരുദ്ധമാണ്. ഭരണപക്ഷത്തേക്കു മാത്രം തുറന്നിരിക്കുന്ന ഔദ്യോഗിക മാധ്യമക്കണ്ണ് ഫാഷിസത്തിന്റെ അടയാളമാണ്- ആസാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഈ സെന്‍സറിംഗ് ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണ്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭാ ടി വി മറച്ചുവെക്കുന്നതും സെന്‍സറിങ്ങാണ്. ഭരണപക്ഷത്തേക്കു മാത്രം തുറന്നിരിക്കുന്ന ഔദ്യോഗിക മാധ്യമക്കണ്ണ് ഫാഷിസത്തിന്റെ അടയാളമാണ്.
മാധ്യമങ്ങളെ തടഞ്ഞത് വാച്ച് ആന്റ് വാര്‍ഡിന്റെ പിശകാണെന്ന് വിശദീകരണം നല്കാന് വലിയ ചര്‍മ്മബലം വേണം. എത്രയോ സമ്മേളനങ്ങള്‍ കടന്നുപോയി. ഇന്നിപ്പോള്‍ വാച്ച് ആന്റ് വാര്‍ഡിന് ഒരു തടയല്ചിന്ത വന്നതെങ്ങനെയാണ്? അവരുടെ ചുമതല നിര്‍വ്വഹിക്കുന്നതില്‍ അവരെ തടഞ്ഞ ആജ്ഞ ആരുടേതാണ്? നിയമസഭാ സമ്മേളനവേദിയില്‍ പ്രതിപക്ഷം പ്രതിഷേധിക്കുന്നത് ആദ്യമല്ല. എന്നാല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ആദ്യമാണ്. അതു പ്രതിഷേധാര്‍ഹമാണ്. ജനങ്ങളുടെ കണ്ണുകളെയാണ് ജനപ്രതിനിധിസഭയുടെ വാതിലില്‍ തടഞ്ഞിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക